തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് പുറത്തുചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും പിടിയിലായി.രണ്ട് കുരങ്ങുകൾ ഭക്ഷണമെടുക്കാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച പിടിയിലായിരുന്നു.ഇതിനു ശേഷവും മൃഗശാലയ്ക്കുള്ളിലെ മരത്തിന് മുകളിൽ കഴിഞ്ഞിരുന്ന മൂന്നാമനെ കെ.എസ്.ഇ.ബിയുടെ ബക്കറ്ര് ക്രെയിൻ സംവിധാനത്തിലൂടെ ജീവനക്കാർ മുകളിലെത്തിയാണ് പിടികൂടിയത്.തിങ്കളാഴ്ച രാവിലെ 7ഓടെയാണ് 3 പെൺ ഹനുമാൻ കുരങ്ങുകൾ മൃഗശാലയിൽ നിന്ന് പുറത്തുചാടിയതായി കണ്ടെത്തിയത്.
മഴയത്ത് കൂടിന്റെ അരികിലേക്ക് ചാഞ്ഞ മുളങ്കമ്പിലൂടെ പുറത്തുചാടിയെങ്കിലും മൃഗശാലയിലെ വലിയമരത്തിന് മുകളിൽത്തന്നെ നിലയുറപ്പിച്ചു. ഭക്ഷണം കാട്ടിയും ഇണയെ ആകർഷിപ്പിച്ചും കൂട്ടിലാക്കാൻ ജീവനക്കാർ ഏറെ പണിപ്പെട്ടിട്ടും ഇവ താഴേക്കിറങ്ങാൻ തയാറായില്ല. തുടർന്ന് ബുധനാഴ്ച കൂട്ടിലേക്ക് വച്ചിരുന്ന കമ്പിലൂടെ ഒരു കുരങ്ങൻ ഭക്ഷണമെടുക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. രണ്ടാമനെ മരത്തിന് മുകളിൽ നിന്നുതന്നെ ജീവനക്കാർ സാഹസികമായി പിടികൂടുകയായിരുന്നു.
മൂന്നിനെയും അടച്ചിട്ട കൂട്ടിനുള്ളിലാക്കിയിട്ടുണ്ട്.മൂന്നുദിവസം ആഹാരവും വെള്ളവുമില്ലാതെ കഴിഞ്ഞെങ്കിലും ഇവ ആരോഗ്യത്തോടെയാണിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.ഇവയിൽ ഒരെണ്ണം നേരത്തെയും മൃഗശാലയിൽ നിന്ന് പുറത്തുചാടി നഗരത്തിൽ കറങ്ങിനടന്ന് മൃഗശാലക്കാരെ വട്ടംചുറ്റിച്ചിരുന്നു.അതിനു ശേഷം കൂടിന് മുമ്പിലുള്ള വേലിയുടെ ഉയരം കൂട്ടുകയും കൂടിനടുത്തുള്ള മരച്ചില്ലകൾ വെട്ടിമാറ്റുകയും ചെയ്തിരുന്നു. ഇനിയും ഇവ പുറത്തുചാടാനാവാത്ത വിധം ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമേ അടച്ചിട്ട കൂട്ടിൽ നിന്ന് പുറത്തേക്ക് മാറ്റൂവെന്ന് അധികൃതർ പറഞ്ഞു.