വിഗ്രഹങ്ങളെ ഇന്ന് രാവിലെ പൂജയ്ക്കിരുത്തും

തിരുവനന്തപുരം : നവരാത്രി പൂജകൾക്കായി തമിഴ്നാട്ടിൽ നിന്നെത്തിയ വിഗ്രഹഘോഷയാത്രയ്ക്ക് ഭക്തിസാന്ദ്രമായ വരവേൽപ്പ്.പത്മനാഭപുരം ദേവീക്ഷേത്രത്തിലെ സരസ്വതി വിഗ്രഹവും ശുചീന്ദ്രത്തെ മുന്നൂറ്റിനങ്ക വിഗ്രഹവും വേളിമലയിൽ നിന്ന് കുമാരസ്വാമി വിഗ്രഹവുമാണ് മൂന്നു നാൾ നീണ്ട കാൽനട ഘോഷയാത്രയ്ക്ക് ഒടുവിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയത്.

ശ്രീപത്മനാഭനെ വണങ്ങിയ ശേഷം സരസ്വതി ദേവി വിഗ്രഹവും ഉടവാളും ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിലെ നല്ലിരുപ്പ് മുറിയിലെത്തിച്ചു. തുടർന്നു കുമാരസ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവി ക്ഷേത്രത്തിലേക്കും എഴുന്നള്ളിച്ചു. ഇന്ന് രാവിലെ മൂന്നു വിഗ്രഹങ്ങളും പൂജയ്ക്കിരുത്തുന്നതോടെ നവരാത്രി പൂജകൾക്ക് തുടക്കമാകും.

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ഇന്നലെ രാവിലെയാണ് വിഗ്രഹങ്ങൾ പുറപ്പെട്ടത്. സരസ്വതി ദേവിയെ ആനപ്പുറത്തും വേളിമല കുമാരസ്വാമി, മുന്നൂറ്റി നങ്ക വിഗ്രഹങ്ങൾ പല്ലക്കുകളിലുമാണ് എഴുന്നള്ളിച്ചത്. നേമം ഗവ. യു.പി സ്‌കൂളിന് മുന്നിൽ മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ കോർപ്പറേഷന്റെ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് നേമം കച്ചേരി നടയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.റവന്യു വകുപ്പിന്റെ സ്വീകരണത്തിനു ശേഷം ഇറക്കിപൂജ നടത്തി. മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,താലൂക്ക് തഹസിൽദാർമാരായ രമേശ്കുമാർ,ഷാജു,കളക്ടറേറ്റിലെ ഹുസൂർ തഹസിൽദാർ ആർ. രാജി,നേമം വില്ലേജ് ഓഫീസർ ശ്രീജിത് ചന്ദ്രശേഖരൻ നായർ,ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ബൈജു എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. വൈകിട്ട് മൂന്നിന് കച്ചേരിനടയിൽ നിന്ന് ഘോഷയാത്ര പുറപ്പെടുംവരെ ഭക്തരുടെ നീണ്ട നിരയായിരുന്നു. വൈകിട്ട് 5.30ന് കരമന ആവടി അമ്മൻ ക്ഷേത്രത്തിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സ്വീകരിച്ചു. 6.30തോടെ വിഗ്രഹങ്ങളെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലേക്ക് ആനയിച്ചു.വീഥിക്ക് ഇരുവശവും ഭക്തർ തട്ടം പൂജയും പുഷ്പ വൃഷ്ടിയും നടത്തി. ആയിരങ്ങൾ ഘോഷയാത്രയെ അനുഗമിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കിള്ളിപ്പാലത്തും സ്വീകരണം നൽകി. പത്മനാഭപുരത്തെ ഉപ്പിരിക്ക മാളികയിൽ വച്ച് കൈമാറിയ ഉടവാൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ക്ഷേത്ര സ്ഥാനിമൂലം തിരുനാൾ രാമവർമ്മ ഏറ്റുവാങ്ങി.രാജ കുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി,പൂയം തിരുനാൾ ഗൗരി പാർവതി ബായി,ആദിത്യവർമ്മ ഭരണസമിതി അംഗങ്ങളായ കരമന ജയൻ,തുളസി ഭാസ്‌കർ തുടങ്ങിയവർ പങ്കെടുത്തു. സരസ്വതി വിഗ്രഹത്തെ പത്മതീർത്ഥക്കുളത്തിൽ ആറാടിച്ച ശേഷം നല്ലിരിപ്പ് മുറിയിലേക്ക് മാറ്റി. കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവി ക്ഷേത്രത്തിലും എത്തിച്ചു. ഇന്ന് പൂജയ്ക്കിരുത്തിയ ശേഷം നവരാത്രി മണ്ഡപത്തിൽ 9 ദിവസം പ്രത്യേക പൂജകളും വൈകിട്ട് 6.30ന് സംഗീതക്കച്ചേരികളും അരങ്ങേറും. കുമാരസ്വാമിയെ വിജയദശമി ദിനത്തിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും.വൈകിട്ട് പള്ളിവേട്ടക്കു ശേഷം തിരികെ ആര്യശാല ക്ഷേത്രത്തിൽ കൊണ്ടുവരും.15നാണ് വിഗ്രഹങ്ങളുടെ മടക്ക ഘോഷയാത്ര.