
നെയ്യാറ്റിൻകര: അതിയന്നൂർ കോട്ടുകാൽ ഗ്രാമപഞ്ചായത്തുകൾക്കായുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടം പ്രവർത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പോങ്ങിൽ ജലശുദ്ധീകരണ ശാലയുടെ പരിസരത്ത് നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച കുടിവെള്ള പദ്ധതിക്ക് കിഫ്ബിയുടെ സഹായത്തോടെ 26 കോടി രൂപ ഫണ്ട് അനുവദിച്ചു. യശ്ശശരീരനായ ഡെന്നിസൺ നാടാർ അതിയന്നൂർ പഞ്ചായത്തിന് സൗജന്യമായി നൽകിയ 65 സെന്റ് സ്ഥലത്താണ് നിർദ്ദിഷ്ട പദ്ധതി നടപ്പിലായത്. നെയ്യാറിൽ നിന്നും വെള്ളം കൊണ്ടുവരുന്നതിന് നഗരസഭ പ്രദേശത്ത് പിരായുംമൂട്ടിൽ കിണറും പമ്പ് ഹൗസും സ്ഥാപിച്ചു. 150 എച്ച്.പി പമ്പ് ഉപയോഗിച്ച് ജലം പോങ്ങിലിൽ എത്തിച്ചശേഷം പദ്ധതി പ്രകാരം നിർമിച്ചിട്ടുള്ള അത്യാധുനികമായ 15 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും 10ലക്ഷം ലിറ്ററിന്റെ ഉപരിതല ജലസംഭരണിയും നെല്ലിമൂട് തൊങ്ങൽ ഗവ.എൽ.പി സ്‌കൂളിൽ നിർമാണത്തിലുള്ള 10ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും ഉപയോഗിച്ചാണ് ജലവിതരണം സാദ്ധ്യമാക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സരേഷ് കുമാർ, നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി.സുനിതാറാണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കൊടങ്ങാവിള വിജയകുമാർ, സി.കെ.സുധാമണി, വാർഡ് മെമ്പർ ബി.ടി.ബീന, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സലകുമാർ,സി.പി.എം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സെക്രട്ടറി ടി.ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.സി.സെൽവരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാർ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് അരുമാനൂർക്കട ശശി, ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് കെ.കെ.ശ്രീകുമാർ, എൻ.സി.പി മണ്ഡലം പ്രസിഡന്റ് അഡ്വ.നേമം ജയകുമാർ, കോൺഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് ഡി.ആർ.വിനോദ്, അവണാകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.രാജേന്ദ്രൻ, നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പൊന്നയ്യൻ, വെൺപകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വിജയകുമാരൻനായർ, കേരള ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർ കെ.ജീവൻബാബു, കേരള ജല അതോറിട്ടി സി.ഐ.ടി.യു സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി, ഐ.എൻ.ടി.യു.സി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം സി.ജോണി ജോസ് എന്നിവർ സംബന്ധിച്ചു. ദക്ഷിണമേഖല ചീഫ് എൻജിനീയർ ടി.വി.നാരായണൻ നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു.