
ഇന്ത്യൻ 3 നേരിട്ട് ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. തിയേറ്ററിൽ കനത്ത പരാജയം നേരിട്ട ഇന്ത്യൻ 2ന്റെ ഒ.ടി.ടി അവകാശം നെറ്റ്‌ഫ്ളിക്സ് 200 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇതിൽ മൂന്നാം ഭാഗത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സും ഉൾപ്പെടും. എന്നാൽ ഇന്ത്യൻ 2 ഒ.ടി.ടിയിലും ശ്രദ്ധിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിൽ ജനുവരിയിൽ ഇന്ത്യൻ 3 നേരിട്ട് ഒ.ടി.ടിയിൽ നെറ്റ്‌ഫ്ളിക്സ് റിലീസ് ചെയ്യും. ഇന്ത്യൻ 2 അവസാനിക്കുന്ന സമയത്ത് ടെയ്‌ൽ എൻഡ് ആയി മൂന്നാം ഭാഗത്തിന്റെ ടീസർ കാണിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ഇന്ത്യൻ 3.
വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ അമൃതവല്ലിയായി കാജൽ അഗർവാളാണ്. ഇന്ത്യൻ ആദ്യഭാഗത്തിൽ സുകന്യയാണ് അമൃതവല്ലിയെ അവതരിപ്പിച്ചത്. നാൽപ്പതുകാരനായി കമൽഹാസൻ ഇന്ത്യൻ മൂന്നാം ഭാഗത്തിൽ എത്തുന്നു.