വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും മഷി പേനയിലേക്ക് മാറി. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പുനരുപയോഗിക്കാവുന്ന മഷിപ്പേന ഉപയോഗിക്കാൻ ശീലിക്കുകയാണ് വിദ്യാർത്ഥികൾ. വലിയതോതിൽ പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്ന ഡിസ്പോസിബിൾ പേനകളുടെ ഉപയോഗംകുറച്ച് പ്രകൃതി സംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെടുക എന്ന സന്ദേശം നൽകുന്നതിനായി വിതുര ഗവ. വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീമാണ് പദ്ധതി ആവിഷ്കരിച്ചത്.

വോളണ്ടിയർമാർ വിവിധ പദ്ധതികളിലൂടെ സമാഹരിച്ച് തുക ഉപയോഗിച്ചാണ് കുട്ടികൾക്കും മഷി പേനയും ഒരുവർഷത്തേക്കുള്ള മഷിയും വാങ്ങിയത്.

സമാഹരിച്ച ഒരു തുകയും ആനപ്പാറ സ്കൂളിലെ പ്രഭാത ഭക്ഷണ പദ്ധതിയിലേക്കും നൽകി. സ്വച്ഛത ഹി സേവ 2024 പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ശുചിത്വഭാരത പ്രതിജ്ഞ എടുത്തു.

വിതുരപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.ശ്രീലത, പഞ്ചായത്തഗം വിഷ്ണു ആനപ്പാറ, പ്രിൻസിപ്പൽ മഞ്ജുഷ.എ.ആർ, വിതുര ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ, ആനപ്പാറ ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എ.വി.അരുൺ,ആനപ്പാറ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ.പി, വിതുര ഹൈസ്കൂൾ പ്രിൻസിപ്പൽ ഷാജി.എം.ജെ, വൈസ് പ്രിൻസിപ്പൽ സിന്ധു ദേവി, ടി.എസ്.മാത്തൻ ജോർജ്, എം.എൻ.ഷാഫി, ഡി.സൗമ്യ, അശോകൻ, പ്രോഗ്രാം ഓഫീസർ അരുൺ.വി.പി എന്നിവർ പങ്കെടുത്തു.