
തിരുവനന്തപുരം: മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങൾ നട്ടുവളർത്തിയ ജമന്തിപ്പൂക്കൾ വിരിഞ്ഞപ്പോൾ അവർ സ്വയംമറന്ന് പൊട്ടിച്ചിരിച്ചു. അഞ്ചാംക്ലാസുകാരൻ അനന്തകൃഷ്ണനായിരുന്നു കൂടുതൽ ഉത്സാഹം. വീൽച്ചെയറിലിരുന്ന് അവനത് കൺകുളിർക്കെ കണ്ടു. പേട്ട ഗവ.ബോയ്സ് എച്ച്.എസ്.എസിലെ ഭിന്നശേഷിക്കുട്ടികളും കൂട്ടുകാരും ചേർന്നാണ് സ്കൂൾ കോമ്പൗണ്ടിനകത്തെ 3 സെന്റിൽ ജമന്തിക്കൃഷി ചെയ്ത് വിജയം കൊയ്തത്. 'ഓണക്കാലത്ത് വിളവെടുത്ത് സ്കൂളിൽ പൂക്കളമൊരുക്കാനായിരുന്നു ലക്ഷ്യം. എന്നാൽ വിളവ് വൈകി. അന്ന് കുട്ടികൾ വിഷമിച്ചെങ്കിലും ഇപ്പോഴവർ ഹാപ്പിയാണ്.." വ്യാഴാഴ്ചയായിരുന്നു പൂക്കൃഷിവിളവെടുപ്പ്. സെറിബ്രൽ പാൾസി ബാധിതരും ഓട്ടിസമുള്ളവരുമുൾപ്പെടെ പതിനൊന്ന് കുട്ടികൾ സംഘത്തിലുണ്ട്. അഞ്ചാംക്ലാസ് മുതൽ പ്ലസ്ടുവരെയുള്ളവരാണിവർ. വിത്ത് പാകുന്നതും വെള്ളമൊഴിക്കുന്നതും കുട്ടികൾ തന്നെയായിരുന്നു. രാവിലെ സ്കൂളിലെത്തിയാൽ ആദ്യം കുട്ടികൾ നോക്കുന്നത് മൊട്ട് വിരിഞ്ഞോയെന്നാണ്. കുട്ടികൾക്ക് ക്ലാസ് മുറികളേക്കാൾ ചെലവിടാൻ ഇഷ്ടവും ഇവിടെത്തന്നെ. പഠനേതരപ്രവർത്തനങ്ങളുടെ ഭാഗമായി മറ്റ് കൃഷികളും ഭാവിയിൽ ചെയ്യുമെന്ന് അദ്ധ്യാപിക സവിത പറഞ്ഞു.
ആദ്യ വില്പന
പൂർവ വിദ്യാർത്ഥിക്ക്
പേട്ടയിൽ മണി ഫ്ലവർ മാർട്ട് നടത്തുന്ന, സ്കൂളിലെ പൂർവവിദ്യാർത്ഥിയായ മണിക്കാണ് ആദ്യമായി വിളവെടുത്ത രണ്ടുകൊട്ട ജമന്തിപ്പൂക്കൾ സൗജന്യമായി നൽകിയത്. കുട്ടികൾ പൂക്കളുമായി വന്നപ്പോൾ 30 വർഷം മുൻപ് സ്കൂളിൽ പഠിച്ച ഓർമ്മകൾ മണി അയവിറക്കി. തിരുവനന്തപുരം നോർത്ത് യു.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്ററായ സവിതയും യു.പി അദ്ധ്യാപികയായ ശ്രീലക്ഷ്മിയുമാണ് കൃഷിക്ക് നേതൃത്വം നൽകിയത്. വിളവെടുപ്പ് ഉദ്ഘാടനം നോർത്ത് യു.ആർ.സി ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ആർ.അനൂപ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശിവപ്രിയ, ഐ.ഇ.ഡി.സി ട്രെയിനർ ഇ.ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.