
തിരുവനന്തപുരം: വയനാട് ദുരന്തമേഖലയിൽ സാധാരണ ജന ജീവിതം പുനഃസ്ഥാപിക്കാനുള്ള പരിശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ അനുശോചന പ്രസംഗത്തിൽ പറഞ്ഞു.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ സ്ഥലങ്ങളിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും, നിരവധിപ്പേരെ കാണാതാവുകയും ചെയ്തു. 145 വീടുകൾ പൂർണമായും, 170 എണ്ണം ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതായി. 183 വീടുകൾ ഒഴുകിപ്പോയി. കുറഞ്ഞത് 1,200 കോടി രൂപയുടെ നഷ്ടം മേപ്പാടിയിൽ ഉണ്ടായിട്ടുണ്ട്. ആവർത്തിക്കപ്പെടാൻ സാധ്യതയുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാനും ആഘാതം ലഘൂകരിക്കാനും സർക്കാർ മിഷൻ രൂപീകരിച്ചു. ഉരുൾപൊട്ടൽ പ്രവചനം സംബന്ധിച്ച ദേശീയ ഏജൻസികളുടെ ഗവേഷണം ശക്തിപ്പെടുത്തണമെന്നും അവയുടെ പ്രാദേശിക കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹമറിയിച്ചു.
വയനാട്ടിലെ ദുരിതശ്വാസ പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാഗ്ദാനം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാവണം. കാലാവസ്ഥാ മാറ്റങ്ങൾ ഉൾപ്പെടെയുള്ളവ പരിഗണിക്കണം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നാണു മേപ്പാടി പഞ്ചായത്തിലുണ്ടായതെന്നു സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു. കേരളത്തോടൊപ്പം നിൽക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് മലയാളികൾ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ കക്ഷി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ചന്ദ്രശേഖരൻ, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, മാത്യു ടി. തോമസ്, അനൂപ് ജേക്കബ്, തോമസ് കെ. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ, കെ.കെ. രമ, കെ.പി. മോഹനൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കോവൂർ കുഞ്ഞുമോൻ, മാണി സി. കാപ്പൻ എന്നിവരും കൽപറ്റ എം.എൽ.എ ടി. സിദ്ദിഖ്, നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ തുടങ്ങിയവരും അനുശോചനമറിയിച്ചു.
ടൗൺഷിപ്പിന്
സ്ഥലമെടുക്കും
വയനാട് മേപ്പാടിയിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം യോഗം വിളിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. പല സന്നദ്ധ സംഘടനകളും പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാമെന്ന് അറിയിച്ചിട്ടുണ്ട്.