
ആറ്റിങ്ങൽ: രാജഭരണകാലത്ത് നിർമ്മിച്ച കുളം ഇന്ന് അധികൃതരുടെ അവഗണനയിൽ പായലും മാലിന്യവും നിറഞ്ഞ് കാടുകയറി നശിക്കുന്നു.കൊടും വേനലിലും വറ്റാത്ത പ്രസിദ്ധമായ അട്ടക്കുളമാണ് പായലും മാലിന്യങ്ങളും നിറഞ്ഞ് നാശത്തിലായിരിക്കുന്നത്.
കരിങ്കൽ കൊണ്ട് ചുറ്റിക്കെട്ടിയ അട്ടക്കുളത്തിലിറങ്ങാൻ മൂന്നിടത്ത് കരിങ്കൽ പടികൾ.പടിഞ്ഞാറുവശത്ത് പ്രാചീന രീതിയിൽ നിർമ്മിച്ച കുളിപ്പുര.കുളത്തിനോട് ചേർന്ന് കിടക്കുന്ന വിശാലമായ കടുവയിൽ ഏലായിലേക്ക് വെള്ളമെത്തിക്കാൻ തോട് എന്നിവ അന്ന് നിർമ്മിച്ചിരുന്നു. കടുവയിൽ ഏലായെല്ലാം കരയായതോടെ തോട് ഇന്ന് നാമാവശേഷമായി.
ഇടയ്ക്ക് നടത്തിയ നവീകരണത്തിനുശേഷം വീണ്ടും കുറച്ചു കാലം മത്രം ജനങ്ങൾക്ക് കുളം ഉപയോഗിക്കാൻ കഴിഞ്ഞുള്ളു. പിന്നീട് പായൽ പ്രത്യക്ഷപ്പെടുകയും ദിവസങ്ങൾ കൊണ്ട് കുളം നിറയുകയും ചെയ്തു. അതോടെ അട്ടക്കുളം വീണ്ടും ഉപയോഗ ശൂന്യമായി. കുളം നവീകരിച്ച് നീന്തൽ പഠന കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുളം നിർമ്മിച്ചത്
പ്രസിദ്ധമായ പാർവതിപുരം ഗ്രാമത്തിൽ താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ ഗാർഹികേതര ആവശ്യത്തിന് ഉപയോഗിച്ചതാണീ കുളമെന്ന് പഴമക്കാർ പറയുന്നു.
അവസാനം നവീകരിച്ചത് - 2021ൽ
പായൽ കൊണ്ട് നിറഞ്ഞ് ചുറ്റുമതിലും, പടവുകളും പൊളിഞ്ഞുക്കിടന്ന കുളം 2021ലാണ് നവീകരിച്ചത്. ജലസേചനവകുപ്പ് 12 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തിയത്.കുളം ശുദ്ധീകരിക്കുകയും സംരക്ഷണ ഭിത്തികൾ നിർമ്മിക്കുകയും ചെയ്തു.
ചരിത്ര സ്മാരകമായ അട്ടക്കുളം ശുചീകരിക്കാനും നവീകരിക്കാനും,സംരക്ഷിക്കാനും ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.
അനിൽ ആറ്റിങ്ങൽ, സെക്രട്ടറി ആർ.എസ്.പി
ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി