തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ചരമോപചാരം അർപ്പിക്കുന്ന ചടങ്ങിന് സാക്ഷ്യംവഹിക്കാൻ ഇന്നലെ നിയമസഭയിലെത്തിയ 93കാരിയായ വിപ്ലവഗായിക പി.കെ. മേദിനി സ്പീക്കറുടെ ചേംബറിൽ നടത്തിയ ഗാനാലാപനം ശ്രദ്ധേയമായി. സഭ തുടങ്ങുന്നതിന് മുൻപ് സ്പീക്കർ എ.എൻ. ഷംസീറിന്റെ ആവശ്യപ്രകാരമായിരുന്നു മേദിനിയുടെ വിപ്ലവഗാനാലാപനം. പുന്നപ്ര വയലാർ സമരം ആലപ്പുഴയെ ചുവപ്പണിയിച്ച നാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിലെ അവിഭാജ്യഘടകമായിരുന്നു പി.കെ. മേദിനി എന്ന യുവഗായികയുടെ ഗാനങ്ങൾ.
നിയമസഭയിലെ ചരമോപചാര ചടങ്ങ് വീക്ഷിക്കാൻ മകൾ ഹൻസയ്ക്കൊപ്പമാണ് മേദിനി എത്തിയത്. സഭ ആരംഭിക്കും മുമ്പ് സ്പീക്കർ എ.എൻ. ഷംസീറിനെ ചേംബറിൽ സന്ദർശിച്ചു. സ്നേഹാദരങ്ങളോടെ മേദിനി ചേച്ചിയെ സ്പീക്കർ സ്വീകരിച്ചു. ' അല്ല, ഒരു പാട്ട് പാടേണ്ടേ, റെഡ് സല്യൂട്ട്, രണ്ടുവരി മതി, ഒരു ഉഷാറ് വേണ്ടേ"- സ്പീക്കർ പറഞ്ഞു. പിന്നാലെ 'റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, രക്തസാക്ഷിഗ്രാമങ്ങളെ, പുന്നപ്ര വയലാർ ഗ്രാമങ്ങളെ"എന്ന തന്റെ പ്രിയഗാനം മേദിനി പാടി. തുടർന്ന് നിയമസഭയിലെ ഗാലറിയിലേക്ക് പോയി. ചരമോപചാരശേഷം നടന്ന ചടങ്ങിൽ, വയനാട് ദുരന്തം ആധാരമാക്കി ഡെന്നി ആലപ്പുഴ രചിച്ച് സന്തോഷ് സംഗീതം നൽകി , മേദിനി ആലപിച്ച 'വയനാടിൻ മനതാരിൽ സ്നേഹം നിറയട്ടെ " എന്ന സംഗീത ആൽബം സ്പീക്കർ പ്രകാശനം ചെയ്തു. നിയമസഭയുടെ ഉപഹാരം നൽകി സ്പീക്കർ അവരെ ആദരിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, യു. പ്രതിഭ, നിയമസഭാ സെക്രട്ടറി ഡോ.എ. കൃഷ്ണകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.