aishwarya

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായിക. സംഗീതയാണ് മറ്റൊരു പ്രധാന താരം. ഇതാദ്യമായാണ് ഐശ്വര്യ ലക്ഷ്മി മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമാകുന്നത്. മോഹൻലാലും സംഗീതയും നാടോടി സിനിമയിൽ ഒരുമിച്ചിട്ടുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ സംഗീത രണ്ടാം വരവിലും ശക്തമായ കഥാപാത്രങ്ങളുമായി യാത്രയിലാണ്. ഡിസംബറിൽ പൂനെയിലും കൊച്ചിയിലുമായി ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണം ആരംഭിക്കും.സത്യൻ അന്തിക്കാടിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് സോനു ടി.പി. തിരക്കഥ എഴുതുന്നു.അതിരൻ, സൂഫിയും സുജാതയും എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അനു മൂത്തേടത്ത് ആണ് ക്യാമറ. ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കുന്ന പാട്ടുകളുടെ കമ്പോസിംഗ് ഈ മാസം ആരംഭിക്കും. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ രചനയും സംവിധാനവും നി‌ർവഹിച്ച പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വന്ന തമിഴ് സംഗീത സംവിധായകനാണ് ജസ്റ്റിൻ പ്രഭാകരൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നി‌ർമ്മാണം.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാലും സത്യൻ അന്തിക്കാടും. 2015ൽ എന്നും എപ്പോഴും എന്ന സിനിമയ്ക്കുവേണ്ടിയാണ് ഇരുവരും ഒടുവിൽ ഒരുമിച്ചത്.