പാലോട്: അനുഭവിക്കുന്ന ദുരിതത്തിന് യാതൊരു മാറ്റവുമില്ല. സഹായിക്കേണ്ട അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. ഈറ്റ ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്ന പരമ്പരാഗത തൊഴിലാളികളുടെ ജീവിതം വൻപ്രതിസന്ധിയിൽ മുന്നോട്ട് പോവുന്നു. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതും ഇവരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു. വട്ടി, കുട്ട, മുറം, പായ തുടങ്ങിയവ നിർമ്മിച്ച് ഉപജീവനം നടത്തിയിരുന്നവർ വലിയ തിരിച്ചടിയാണിപ്പോൾ നേരിടുന്നത്. പ്രാദേശിക മാർക്കറ്റിൽ 200 രൂപ മുതൽ 350 രൂപവരെ വിലയുണ്ടായിരുന്ന ഈറ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറ് രൂപയിൽ താഴെയാണ്. കിട്ടുന്നത് മതിയെന്ന് കരുതിയാലും ഇവ വിറ്റുപോകാത്തതിന്റെ പ്രതിസന്ധിയും വേറെയുണ്ട്. വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഇപ്പോൾ ഈറ ലഭിക്കാൻ ഉൾവനങ്ങളിലേക്ക് പോവണം. കഷ്ടപ്പെട്ടെങ്ങനെയെങ്കിലും ഈറ്റയെത്തിച്ചാലും വാങ്ങാനാളില്ലാത്തത് തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കും. നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി അനുകൂല്യം ലഭിക്കുന്നത്. അതിനാൽ ഭൂരിഭാഗം തൊഴിലാളികളും പട്ടിണിയിലാണ്. പലരും കുലത്തൊഴിൽ ഉപേക്ഷിച്ച് മറ്റ് ജോലികൾക്ക് പോയിക്കഴിഞ്ഞു. അതിജീവനത്തിന് വഴികാണാതെ വലയുന്ന പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിസന്ധിക്ക് കാരണം

അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ല

ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല

സർക്കാർ ഈറ്റ എത്തുന്നില്ല

ഇടിഞ്ഞാർ, മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റത്തൊഴിലാളികളാണുള്ളത്. ഇവർക്ക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ബാംബൂ കോർപ്പറേഷനാണ് നേരത്തെ ഈറ്റ എത്തിച്ചിരുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബാംബൂ കോർപ്പറേഷന് തന്നെ കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാൽ വർഷങ്ങളായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരുമിപ്പോൾ ഉൾവനത്തിൽ നിന്നും ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇതിലൂടെ ഒരു ദിവസം 60 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

പ്രതികരണം

ഈറ്റ തൊഴിലാളികളിൽ ക്ഷേമനിധി അംഗങ്ങളായിട്ടുള്ളവർക്ക് ആനുകൂല്യം യഥാസമയം ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. ഈറ ലഭിക്കാത്തതാണ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്.

താന്നിമൂട് ഷംസുദ്ദീൻ

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പെരിങ്ങമ്മല