
തിരുവനന്തപുരം: തൃശൂർ പൂരംകലക്കിയതിൽ പുതുതായി മൂന്ന് അന്വേഷണം ഒരുമിച്ച് പ്രഖ്യാപിച്ചത് പുകമറയുണ്ടാക്കി എ.ഡി.ജി.പി അജിത്കുമാറിനെ രക്ഷിക്കാൻ. ക്രമസമാധാന പ്രശ്നമല്ല, ഏകോപനത്തിൽ ഉദ്യോഗസ്ഥ വീഴ്ചയാണുണ്ടായതെന്ന് വരുത്തിതീർക്കാനാണ് ശ്രമം.
ക്രമസമാധാന പാലനത്തിൽ അജിത് ഗുരുതര വീഴ്ചവരുത്തിയതായി പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപേ തൃശൂരിലുണ്ടായിരുന്നിട്ടും പൂരസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതുൾപ്പെടെ വീഴ്ച അക്കമിട്ടു നിരത്തിയ ഡി.ജി.പിയുടെ റിപ്പോർട്ട് കൈയിലിരിക്കെയാണ് വീണ്ടും അദ്ദേഹത്തെ അന്വേഷണത്തിന് വച്ചത്. ഇത് സംശയകരമാണ്.
ഗൂഢാലോചന ക്രൈംബ്രാഞ്ചും അജിത്തിന്റെ വീഴ്ചകൾ ഡി.ജി.പിയും അന്വേഷിക്കാനായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. എന്നാൽ, മറ്റു വകുപ്പുകൾക്കും പിഴവു സംഭവിച്ചോയെന്നറിയാൻ ഇന്റലിജൻസ് മേധാവിയുടെ അന്വേഷണം കൂടി സർക്കാർ ഉൾപ്പെടുത്തി. മരാമത്ത്, ടൂറിസം,റവന്യു,വനം,വൈദ്യുതി,ജലവിഭവം,ആരോഗ്യം,ഭക്ഷ്യം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും പൂരം ഡ്യൂട്ടിയുണ്ടായിരുന്നു. കളക്ടർക്കായിരുന്നു ഏകോപനം. പൊലീനെക്കുറിച്ച് മാത്രമേ ഇതുവരെ പരാതി വന്നിട്ടുള്ളൂ. എന്നിട്ടും അന്വേഷണം പ്രഖ്യാപിച്ചത് എല്ലാവരെയും സംശയമുനയിലാക്കി കുറ്റക്കാരെ രക്ഷിക്കാനെന്നാണ് ആക്ഷേപം.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വീഴ്ച എ.ഡി.ജി.പി എങ്ങനെ അന്വേഷിക്കുമെന്നതിലും ആശങ്കയുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടത്തിയത് ചീഫ്സെക്രട്ടറിയാണ്. ആഭ്യന്തര സെക്രട്ടറിക്കും പ്രധാന ചുമതലയുണ്ടായിരുന്നു. ഇവരുടെ ഇടപെടലുകളെക്കുറിച്ച് എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനല്ല അന്വേഷിക്കേണ്ടതെന്നാണ് ഐ.എ.എസ് അസോസിയേഷന്റെ നിലപാട്.
അന്വേഷണം നീളും
ഒമ്പത് വകുപ്പുകളിലെ അന്വേഷണം അനന്തമായി നീളാം. വകുപ്പുകൾ പൊലീസന്വേഷണത്തോട് സഹകരിക്കണമെന്നില്ല
 മൂന്ന് അന്വേഷണങ്ങൾക്കും സമയപരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണം നീട്ടിക്കൊണ്ടുപോയി അജിത്തിനെ രക്ഷിക്കാനാണ് നീക്കം
 മൂന്ന് അന്വേഷണങ്ങളിലും വിരുദ്ധമായ കണ്ടെത്തലുകളാണെങ്കിലും കുറ്റാരോപിതർക്ക് രക്ഷപെടാൻ വഴിയൊരുങ്ങും