മുടപുരം: കിഴുവിലം പഞ്ചായത്തിലെ അരികത്തുവാർ - അണ്ടൂർ - പണ്ടിവാരം വഴി ബസ് സർവീസ് ആരംഭിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഗ്രീൻ സിഗ്നൽ വീഴുന്നു. ബ്രദേഴ്‌സ് ബസ് ഉടമ റൂട്ടേറ്റെടുക്കാമെന്ന് ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിട്ടിയെ അറിയിച്ചതോടെയാണ് സർവീസ് ആരംഭിക്കുന്നത്.

6,7,8 പഞ്ചായത്ത് വാർഡിൽപ്പെടുന്ന 600ഓളം നിവാസികൾക്ക് ബസ് യാത്രയ്ക്കായി രണ്ടരക്കിലോമീറ്ററിലധികം കാൽനടയാത്ര ചെയ്ത് വേണം പുകയിലത്തോപ്പിലെ നാഷണൽ ഹൈവേ പതിനെട്ടാം മയിലിലെത്താൻ. അരികത്തുവാർ - അണ്ടൂർ - പണ്ടിവാരം വഴി ബസ് സർവീസില്ലാത്തത് നാട്ടുകാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. ബസ്റൂട്ടിനായി മുൻപ് നിരവധി അപേക്ഷകൾ നാട്ടുകാർ അധികാരികൾക്ക് സമർപ്പിച്ചിരുന്നു. ജില്ലാപഞ്ചായത്ത്‌ 50 ലക്ഷം വിനിയോഗിച്ച് റോഡ് സജ്ജമാക്കിയെങ്കിലും റൂട്ടേറ്റെടുക്കാൻ ബസുടമകൾ തയാറായില്ല. പിന്നീട് ബ്രദേഴ്‌സ് ബസുടമ ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിട്ടിയെ സമീപിക്കുകയായിരുന്നു. അടുത്ത റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിട്ടി യോഗത്തിൽ അനുമതി ലഭിക്കുന്നതോടെ ബസ് റൂട്ട് സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

യാത്രക്ലേശം മാറുന്നത്

മാമംനട, കുരിശിയോട്, പന്തലക്കോട്, അരികത്തുവാർ, പണ്ടിവാരം, അണ്ടൂർ, ആക്കോട്ടുവിള, പുകയിലത്തോപ്പ് നിവാസികളുടെ ബസ് റൂട്ടെന്ന സ്വപ്നം സഫലമാകും.

ആശ്വാസമായി റോഡ് നവീകരണം

അണ്ടൂർ എൽ.പിസ്കൂൾ, കുരിശിയോട് ക്ഷേത്രം, മുളയത്രകാവ്, പാറക്കാട്, പണ്ടിവാരം പട്ടികജാതി സങ്കേതങ്ങൾ ഈ റോഡിന് സമീപത്താണ്. റോഡിന്റെ ശോച്യാവസ്ഥയാണ് ബസ് റൂട്ടിന് തടസമുണ്ടാക്കിയത്. റോഡ് നവീകരിച്ചതോടെ ആറ്റിങ്ങൽ -ചിറയിൻകീഴ് റോഡിലെ ചെറുവള്ളിമുക്കിൽ നിന്ന് സർവീസ് ആരംഭിച്ച് അരികത്തുവാർ - അണ്ടൂർ - പണ്ടിവാരം വഴി ചിറയിൻകീഴ് -കോരാണി റോഡിലെ പുകയിലതോപ്പിലെത്തി സർവീസ് നടത്താം.

നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കാൻ ബസ് സർവീസ് തുടങ്ങേണ്ടത് അടിയന്തര ആവശ്യമാണ്. അതിനായി റോഡ് നവീകരിച്ചു. ബസ് ഉടമ റൂട്ട് ഏറ്റെടുക്കാൻ തയാറായതിനാൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അഡ്വ.ആർ. ശ്രീകണ്ഠൻ നായർ
വൈസ് പ്രസിഡന്റ്‌,

കിഴുവിലം പഞ്ചായത്ത്