ശംഖുംമുഖം: കാബിനിൽ പുക കണ്ടതിനെ തുടർന്ന് ടേക്ക് ഓഫിനൊരുങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം റദ്ദാക്കി. ഇന്നലെ രാവിലെ 10.30ന് 141 യാത്രക്കാരും ആറ് ജീവനക്കാരുമായി തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്‌സ്‌പ്രസിന്റെ ഐ.എക്സ്. 549ാം നമ്പർ വിമാനത്തിലാണ് പുക കണ്ടത്. രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ടുമണിക്കൂർ വൈകിയാണ് യാത്രയ്‌ക്കൊരുങ്ങിയത്. യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ച് പുഷ് ബാക്ക് ചെയ്ത് ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴാണ് കാബിൽ പുക പടർന്നത്. ഇത് യാത്രക്കാരെ പരിഭ്രാന്തരാക്കി.

തുടർന്ന് പൈലറ്റ് എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് അടിയന്തര സന്ദേശം നൽകി. ഇതോടെ വിമാനത്താവളത്തിലെ ഫയർഫോഴ്സ് യൂണിറ്റുകൾ ഉൾപ്പെടയുള്ള വാഹനങ്ങൾ റൺവേയിലേക്ക് കുതിച്ചെത്തി. പുകയെ തുടർന്ന് ജീവനക്കാർ വിമാനത്തിലെ എമർജൻസി വാതിൽ തുറന്നതും യാത്രക്കാരെ പരിഭ്രാന്തരാക്കി.

തുടർന്ന് വിമാനം റൺവേയിൽ അടിയന്തര സംവിധാനങ്ങൾക്കായി ഉപയോഗിക്കുന്ന ബേയിലേക്ക് മാറ്റി. യാത്രക്കാരെ പുറത്തിറക്കി ടെർമിനലിൽ എത്തിച്ചു. യാത്രക്കാരെ വൈകിട്ട് 5.30നുള്ള മറ്റൊരു വിമാനത്തിൽ മസ്‌ക്കറ്റിലേക്കയച്ചു.