
ഇന്ന് ലോകമാകെ ആശങ്ക ഉയർത്തുന്ന ചോദ്യമാണ്, പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവു വരുമോ, സമാധാനം സാദ്ധ്യമാണോ,അതോ ഈ സംഘർഷങ്ങൾ മറ്റൊരു ലോക യുദ്ധത്തിലേക്ക് നയിക്കുമോ എന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി യുദ്ധക്കളമാണ് പശ്ചിമേഷ്യ. ഇതിന്റെ ഗതി പ്രവചിക്കുക അസാദ്ധ്യമാണ്. പ്രധാനമായും രണ്ടു കാരണങ്ങൾ ഈ ഘട്ടത്തിൽ പ്രസക്തമാണ്.
ഒന്ന്, ഈ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളായ ഇസ്രായേൽ, ഹസാസ്, ഹിസ്ബുള്ള, ഹൂതികൾ, ഇറാൻ എന്നിവരുടെ വിട്ടുവീഴ്ചയും വീണ്ടുവിചാരവുമില്ലാത്ത നിലപാടുകളും അവർ നേരിടുന്ന പ്രശ്നങ്ങളും. രണ്ട്, ഇപ്പോൾത്തന്നെ ലംഘിക്കപ്പെട്ടിരിക്കുന്ന അതിർവരമ്പുകളും അതു വമിക്കുന്ന പകയും യുദ്ധത്തിന്റെ കാർമേഘക്കൂട്ടമായി ഇടിമുഴക്കുന്നത്.
ഇസ്രായേലിന്റെ
നിലപാട്
നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുവാനുള്ള സാദ്ധ്യത വളരെ കുറവാണ്. കാരണം അവരുടെ യുദ്ധലക്ഷ്യങ്ങൾ ഒന്നും തന്നെ നേടിയെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഹമാസിനെ ഇല്ലാതാക്കുവാനോ ബന്ദികളെ മോചിപ്പിക്കുവാനോ കഴിഞ്ഞിട്ടില്ല. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പിന്റെയും സുരക്ഷകളുടെയും പ്രശ്നമാണിത്. നാലുദിക്കുകളിൽ നിന്നും ആക്രമിക്കപ്പെടുന്ന തങ്ങൾ, യുദ്ധം നിറുത്തിയാൽ തുടച്ചു നീക്കപ്പെടും എന്നതിനാൽ സമാധാനം അന്യമാകുമെന്നാണ് അവരുടെ വാദം.
മാത്രമല്ല, ഇസ്രായേൽ ഇപ്പോൾത്തന്നെ പല അതിർവരമ്പുകളും ലംഘിച്ചതിനാൽ എതിരാളികൾക്ക് പകരം ചോദിക്കാതെ യുദ്ധം അവസാനിപ്പിക്കുവാൻ കഴിയില്ല. ഗാസയിലെ 40,000-ത്തിൽപരം ജീവനും, ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതൃത്വം കൊല്ലപ്പെട്ടതും, ലെബനനിലെ ഇസ്രായേലിന്റെ കടന്നുകയറ്റവും, ഇറാന്റെ നാണക്കേടും പകയുടെ കനലുകളാണ്. അതായത് ഇസ്രയേലിന്റെ നിലപാടുകളും അവർ നേരിടുന്ന പ്രശ്നങ്ങളും സമാധാനം അകലെയാക്കുന്നു.
ഹമാസിന്റെ
നിവൃത്തികേട്
ഹമാസിന്റെ ചരിത്രത്തിലെ ഏറ്റവും വീരോചിതമായ ഏടാണ് 2023 ഒക്ടോബർ എട്ടിന് അവർ ഇസ്രായേലിനെതിരെ നടത്തിയ ആക്രമണം. എന്നാൽ അതിനു നൽകേണ്ടി വന്ന വില വളരെ വലുതാണ്. ജീവനും സ്വത്തിനും നേതൃത്വത്തിനും ഉണ്ടായ നഷ്ടം ഭീമമാണ്. തങ്ങൾ ജനിച്ചു വളർന്ന സ്വദേശം തങ്ങളുടേത് അല്ലാതാകുന്ന അവസ്ഥ. ഇതിനു കാരണക്കാരായ ഇസ്രായേലുമായി സന്ധി ചെയ്യുക സാദ്ധ്യമല്ല. അതുകൊണ്ട് നിലവിലെ അവസ്ഥയിൽ യുദ്ധം അവസാനിപ്പിക്കുക എന്നത് ചിന്തിക്കുവാൻ പോലും അവർക്കു കഴിയില്ല.
ഇറാന്റെ പിന്തുണയോടെ ഇസ്രായേലിനെതിരെ പോരാടുന്ന നിഴൽ സംഘങ്ങളുടെ പ്രസക്തി അവർ ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുന്നു എന്നതാണ്. ഉദാഹരണത്തിന്, ഹിസ്ബുള്ള ഇസ്രായേലിനെതിരെ റോക്കറ്റ് ആക്രമണം നടത്തുന്നത് സാധാരണ സംഭവമാണ്. ഹൂതികളുടെയും മറ്റ് ഇസ്രായേൽ വിരുദ്ധ ഇസ്ലാമിസ്റ്റ് സംഘങ്ങളുടെയും നിലപാടുകൾ വ്യത്യസ്തമല്ല. എന്നാൽ ഈ നിഴൽ സംഘങ്ങൾ ഇന്ന് പ്രതിരോധത്തിലാണ്. വലിയ നഷ്ടമാണ് പ്രത്യേകിച്ച് ഹിസ്ബുള്ളയ്ക്ക് സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അവരുടെ മുൻനിര നേതൃത്വം അപ്പാടെ തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. ആയുധശേഖരവും അടിസ്ഥാനസൗകര്യവും പകുതികണ്ട് തകർക്കപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥയിലും ഇസ്രായേലിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുവാനുള്ള ഒരു സൂചനയും ഇവർ നൽകുന്നില്ല. ഹൂതികൾ താരതമ്യേന കുറച്ചുകൂടി സുരക്ഷിതമായ കളിയാണ് കളിക്കുന്നത്. വലിയ നഷ്ടങ്ങളില്ലാതെ ഇസ്രായേലിന് പണികൊടുക്കാമെന്നാണ് ഇവർ കരുതുന്നത്. ഇക്കാരണങ്ങളാൽ ഇവർക്കാർക്കും സംഘർഷത്തിന് അയവു വരുത്തുവാൻ താല്പര്യമില്ല.
ഇറാന്റെ
നിലപാട്
കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് തൊടുത്തുവിട്ട ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്റെ നിലപാട്. ഹിസ്ബുള്ളയ്ക്കും തങ്ങൾക്കും ഏറ്റ തിരിച്ചടിയുടെ പ്രതികാരമാണ് ഇറാന്റെ മിസൈൽ ആക്രമണം. 'ഇറാൻ വലിയ തെറ്റ് ചെയ്തു. ശിക്ഷ അനുഭവിക്കേണ്ടി വരും" എന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ബെയ്റൂട്ടിൽ നടക്കുന്ന ബോംബിംഗ് അതിന്റെ സൂചനയാണെങ്കിൽ, അത് ടെഹ്റാൻ വരെ നീളുമെന്ന കാര്യത്തിൽ സംശയമില്ല. ഇസ്രായേൽ ഇറാനെ നേരിട്ട് ആക്രമിച്ചാൽ യുദ്ധത്തിന്റെ രൂപവും ഭാവവും മാറും. അങ്ങനെയൊരു ആക്രമണത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അത് മറ്റു ശക്തികളുടെ ഇടപെടലിനും കൂടുതൽ സങ്കീർണതയ്ക്കും കാരണമാകും. ഇവിടെയും സമാധാനം അകലെയാണ്.
ലോകക്രമവും
വൻശക്തികളും
ശീതസമരത്തിൽ നിന്ന് വ്യത്യസ്തമായി, വൻശക്തികൾ- പ്രത്യേകിച്ച് അമേരിക്ക- ശോഷിക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെയും മറ്റു ശക്തികളുടെയും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ്. ഇറാൻ മിസൈൽ തൊടുത്തതോടുകൂടി, അമേരിക്കയും നേരിട്ട് യുദ്ധത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പുതിയ ലോകക്രമത്തിൽ അമേരിക്ക വിചാരിച്ചാൽ കാര്യങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്നു തെളിയിക്കുവാൻ ചൈനയ്ക്കും റഷ്യയ്ക്കും കിട്ടുന്ന അവസരം കൂടിയാണിത്. ഈ സാഹചര്യമാണ് സമാധാനം അകലെയാണ് എന്ന് ചിന്തിപ്പിക്കുന്നത്. ഈ സംഘർഷത്തിലെ കക്ഷികൾ എല്ലാം തന്നെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വിധം സങ്കീർണമായ നിലപാടുകളുടെ വക്താക്കളും പ്രശ്നങ്ങളുടെ നടുവിലുമാണ്. അരക്ഷിതാവസ്ഥയും ദുരഭിമാനവും എല്ലാക്കാലത്തും യുദ്ധത്തിന്റെ മൂലകാരണങ്ങളാണ്. പശ്ചിമേഷ്യ ഇന്ന് അതിന്റെ ഉച്ചാവസ്ഥയിലാണ്. സമാധാനത്തിനായി ലോകം ദീർഘനാൾ കാത്തിരിക്കേണ്ടി വരും.
(കേരള സർവകലാശാലാ പൊളിറ്റിക്സ് വിഭാഗം പ്രൊഫസറും യു.ജി.സി-എം.എം.ടി.ടി.സി ഡയറക്ടറുമാണ് ലേഖകൻ)