
ശിവഗിരി: ബഹ്റിനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റി ഏർപ്പെടുത്തിയ നാലാമത് ഗുരുസ്മൃതി പുരസ്കാരം കെ.ജി. ബാബുരാജന്. വ്യവസായിയും,പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും,ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ് ബാബുരാജൻ. സാമൂഹിക സാംസ്കാരിക ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിലൂടെ,കേരളീയ സമൂഹത്തിനൊപ്പം പ്രവാസി സമൂഹത്തിനും നിസ്തുല സംഭാവനകളാണ് ബാബുരാജ് നല്കുന്നതെന്നത് പുരസ്കാര നിർണയ സമിതി വിലയിരുത്തി.
മങ്ങാട് ബാലചന്ദ്രൻ(കേരള സാഹിത്യ അക്കാഡമി അംഗം),സ്വാമി ഋതംഭരാനന്ദ(ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം),സനീഷ് കൂറുമുള്ളിൽ(ചെയർമാൻ ജി. എസ്. എസ്) എന്നിവർ ഉൾപ്പെട്ടതാണ് ഗുരുസ്മൃതി പുരസ്കാര നിർണയ സമിതി. ഗുരുദേവസോഷ്യൽ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷ പരിപാടിയായ ജി. എസ്.എസ് മഹോത്സവത്തിൽ വച്ച് ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നൽകും. 11ന് ബഹ്റിൻ കേരളീയ സമാജത്തിൽ വച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ജി.എസ്.എസ് ഭരണ സമിതി അറിയിച്ചു.