ശിവഗിരി : നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ശിവഗിരി ശാരദാദേവി സന്നിധിയിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ നിന്നും എത്തിച്ചേരുന്ന കലാപ്രതിഭകൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കുന്നു. ഭക്തിയും വിജ്ഞാനവും പകർന്നു നല്‍കുന്നവയാണ് നവരാത്രി മണ്ഡപത്തിൽ അരങ്ങേറുന്നത്.
മഠത്തിലെ ആദ്യ പ്രഭാഷണം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവ്വഹിച്ചു. ഇന്ന് രാവിലെ 8 ന് വെട്ടൂർ ശശിയും ശാലിനിയും ഗുരുദേവ കൃതികൾ പാരായണം ചെയ്യും. തുടർന്ന് ഹരികുമാർ ഞെക്കാട്, ജി. മനോഹർ വർക്കല, സുഭാഷ് തിരുവല്ല എന്നിവർ ഭക്തി ഗാനങ്ങൾ അവതരിപ്പിക്കും , 10 ന് കരുനാഗപ്പളളി സൗഹൃദ സംസ്കാരിക വേദിയുടെ ദൈവദശകം തിരുവാതിര, 11 ന് ആലപ്പുഴ ഗുരുസേവാ പ്രാർത്ഥനാ സമിതിയുടെ ഭജൻസ്, വർക്കല ഭാവത്രയ മ്യൂസിക്കിന്റെ ഭക്തിഗാനസുധ, ഉച്ചയ്ക്ക് 1ന് ഗൗരി ദിലേഷ്, കല്യാണിദിലേഷ്, ആർച്ച എന്നിവർ അവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരം, വൈകിട്ട് 6.30 ന് വർക്കല ചിലമ്പ് നൃത്ത വിദ്യാലയത്തിന്റെ നൃത്ത നൃത്യങ്ങൾ. ഇടവേളകളിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും. മുൻകൂട്ടി അറിയിക്കാൻ 9447551499 ൽ ബന്ധപ്പെടാം. സ്വാമി വിരജാനന്ദ, ജി മനോഹർ വർക്കല, അജയകുമാർ എസ് കരുനാഗപ്പളളി, ഹരികുമാർ ഞെക്കാട്, രാജു കുറുനാട്, ഷോണി ജി ചിറവിള, രാജേഷ് കടുത്തുരുത്തി തുടങ്ങിയവർ ക്രമീകരണങ്ങളൊരുക്കും.
ആദ്യാക്ഷരം കുറിക്കാൻ 
വിപുല ക്രമീകരണങ്ങൾ
നവരാത്രിയോടനുബന്ധിച്ച് ശിവഗിരിയിൽ വിദ്യാദേവതയുടെ സന്നിധിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം. 13 ന് പുലർച്ചെ മുതൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡംഗങ്ങൾ, മറ്റു സന്യാസി ശ്രേഷ്ഠർ തുടങ്ങിയവർ കുഞ്ഞുങ്ങളെ എഴുതിക്കും. ശിവഗിരി മഠം ബുക്ക് സ്റ്റാളിനു സമീപത്തെ വഴിപാടു കൗണ്ടറിൽ രജിസ്ട്രേഷൻ ക്രമീകരിക്കും. വാഹനങ്ങളിൽ എത്തിച്ചേരുന്നവർക്ക് ബുക്ക് സ്റ്റാളിനു മുൻഭാഗത്ത് കൊടിമരത്തിനു സമീപത്തെ ഗ്രൗണ്ടിലും തീർത്ഥാടന ഓഡിറ്റോറിയത്തിനു പിന്നിലെ ഗ്രൗണ്ടിലും ശങ്കരാനന്ദ നിലയത്തിനു സമീപവും പാർക്കിംഗിന് സൗകര്യമുണ്ടാകും. കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും വിശ്രമ സൗകര്യവും ഒരുക്കും. മഠം പ്രസിദ്ധീകരണ വില്പന കേന്ദ്രത്തിൽ ഗുരുദേവകൃതികളും ചിത്രങ്ങളും ജീവ ചരിത്രങ്ങളും ഉൾപ്പെടെയുളളവ ലഭ്യമാകും. ശിവഗിരി മാസികയുടെ വരിക്കാരാകാനും പുതുക്കാനും കഴിയും. വിവരങ്ങൾക്ക് ഫോൺ: 9447551499