1

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന വാസ സ്ഥലങ്ങളിലൊന്നായ ജവഹർ നഗറിൽ പ്രശ്നങ്ങൾ അനവധിയാണ്. മാലിന്യം തള്ളലും കുടിവെള്ള പ്രശ്നവുമാണ് ഈ പ്രദേശത്തുകാരെ അലട്ടുന്നതെന്ന് ജവഹർ നഗർ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കുലീന എൻ.ജയകുമാറും പ്രസിഡന്റ് റിട്ട.എയർമാർഷൽ ഡോ.പി.മധുസൂദനനും പറഞ്ഞു.

കേരളത്തിലെ തന്നെ ആദ്യ റഡിസന്റ്സ് അസോസിയേഷൻ കോളനി കൂടിയാണ് ജവഹർ നഗർ.200ഓളം വീടുകൾ ഈ പ്രദേശത്തുണ്ട്. തലസ്ഥാന നഗരത്തിലെ തന്നെ പ്രധാനപ്പെട്ട പ്രശ്നം മാലിന്യം നിർമ്മാർജ്ജനം തന്നെയാണ്.കൃത്യമായ നിർമ്മാർജ്ജന സംവിധാനമില്ലാത്തതിനാൽ മാലിന്യങ്ങൾ പൊതുനിരത്തിൽ തള്ളുന്നത് പതിവാണ്. ജവഹർ നഗറിലും ഇത്തരത്തിലുള്ള പ്രശ്നം രൂക്ഷമാണ്.ഇവിടത്തെ വീടുകളിലെ മാലിന്യം കൃത്യമായി റസിഡന്റ്സ് അസോസിയേഷൻ തന്നെ ഇടപെട്ട് നീക്കം ചെയ്യുന്നുണ്ട്.എന്നാൽ പൊതുയിടങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളൽ വ്യാപകമാകുകയാണ്.

ജവഹർ നഗർ സ്കൂളിന്റെ പരിസരത്താണ് മാലിന്യം തള്ളൽ വ്യാപകമാകുന്നത്. ഭക്ഷണം,ഡയപ്പറുകൾ തുടങ്ങി അഴുകിയ മാലിന്യം ഉൾപ്പെടെ ഇവിടെ കൊണ്ടുവന്നു തള്ളുന്നു. ദിവസേന കുട്ടികളടക്കം നിരവധിപേർ സഞ്ചരിക്കുന്ന വഴിയിലാണ് ഈ ദുർഗതി.നഗരസഭ അധികൃതരോട് പരാതികൾ പറയുമ്പോൾ നീക്കം ചെയ്യും.എന്നാൽ അവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

കുടിവെള്ള പ്രശ്നത്തിന്

അറുതി വരുത്തണം

മാലിന്യ പ്രശ്നത്തോടൊപ്പം നേരിടുന്ന പ്രധാന പ്രശ്നമാണ് കുടിവെള്ള പ്രശ്നവും.പല ദിവസങ്ങളിലും ഇവിടെ കുടിവെള്ളം മുടങ്ങാറുണ്ടെന്നാണ് ഭാരവാഹികൾ പറയുന്നത്. വെള്ളമുള്ള ദിവസങ്ങളിൽ രാത്രി 9 ആകുമ്പോൾ തീരുന്ന അവസ്ഥയുമുണ്ട്. ഇതുസംബന്ധിച്ച് സ്ഥലം എം.എൽ.എയ്ക്കും പരാതി നൽകിയിട്ടുണ്ട്.

തെരുവുനായ

ശല്യം രൂക്ഷം

പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്.കുട്ടികളും മുതിർന്നവരുമുൾപ്പെടെ പ്രഭാത,സായാഹ്ന സവാരിക്ക് ഇറങ്ങുന്നുണ്ട്.ഇവർക്ക് നായ ശല്യം ഭീഷണിയാണ്.മാലിന്യം വലിച്ചെറിയുന്ന സ്ഥലത്തും ഇവറ്റകളുടെ ശല്യമുണ്ട്.