hi

കിളിമാനൂർ: ഹംസത്തെ ലാളിക്കുന്ന ദമയന്തി, മാൻപേടയെ തലോടുന്ന ശകുന്തള,​ രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ വെച്ചതുപോലെ... രവിവർമ്മ ചിത്രങ്ങളെ ജീവസുറ്റ ചലന ചിത്രങ്ങളാക്കി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ അദ്ഭുതം തീർത്തിരിക്കുകയാണ് ക്രിയേറ്റീവ് ഡിസൈനറായ യുഹാബ് ഇസ്മയിൽ. രവിവർമ്മയുടെ 118ാമത് ചരമ ദിനത്തോടനുബന്ധിച്ച് ആദരവായി യുഹാബ് ചെയ്തതായിരുന്നു രവി വർമ്മയുടെ എ.ഐ വേർഷനുകളടങ്ങിയ റീൽ.

രവി വർമ്മയുടെ ക്ലാസിക്കുകളായ ഹംസവും ദമയന്തിയും, ശകുന്തള,പാൽക്കാരി, മഹാരാഷ്ട്രക്കാരി,അതാ വരുന്നു അച്ഛൻ,ജഡായു വധം തുടങ്ങി 19 ചിത്രങ്ങളാണ് ചലനചിത്രങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ അദ്ഭുതം സൃഷ്ടിച്ചത്.സംഗീത സംവിധായകൻ ശ്രീവത്സൻ ജെ.മേനോന്റെ ഋതുലീല എന്ന ആൽബത്തിലെ 'ഇവൾ താൻ ഇവൾ താൻ എൻ മനതാരിൽ മധുവായി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് റീലൊരുക്കിയത്.

വീഡിയോ കണ്ട് നിരവധി പേരാണ് കിളിമാനൂർ കൊട്ടാരത്തിലുൾപ്പെടെ ഇതിന്റെ സൃഷ്ടാവിനെ തേടി വിളിച്ചത്. ശ്രീവത്സൻ ജെ.മേനോൻ വഴി യുഹാബിനെ കണ്ടെത്തി കൊട്ടാരത്തിൽ നടന്ന രവിവർമ്മ അനുസ്മരണ ചടങ്ങിൽ ആദരിച്ചു. ഡാവിഞ്ചി ചിത്രമായ മൊണാലിസയുടെ എ.ഐ ചിത്രങ്ങൾ കണ്ടപ്പോൾ വ്യത്യസ്തമായി ഇന്ത്യൻ ക്ലാസിക് ചിത്രങ്ങളെ തനിമ നഷ്ടപ്പെടാതെ എങ്ങനെ ചലന ചിത്രമാക്കാം എന്ന ചിന്തയാണ് വീഡിയോയ്ക്ക് പ്രേരണയായതെന്ന് യുഹാബ് പറയുന്നു.

ഗാസയിലെ കുട്ടികളെ കുറിച്ചും യുഹാബ് ചെയ്ത എ.ഐ ചിത്രങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പതിനേഴ് വർഷമായി ക്രിയേറ്റീവ് ഡിസൈൻ രംഗത്ത് പ്രവർത്തിക്കുന്ന കുളത്തൂർകാരനായ യുഹാബ് ഏഴു വർഷത്തോളം ദുബായിലും ടെക്നോപാർക്കിലും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രീ ലാൻഡായി ജോലി ചെയ്യുന്നു.