
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ജീവനക്കാർക്ക് ഏറ്റവും അവശ്യ ഘട്ടങ്ങളിലല്ലാതെ ദീർഘകാല അവധി അനുവദിക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ചികിത്സയ്ക്ക് അല്ലാതെയുള്ള ദീർഘകാല അവധികൾ റദ്ദാക്കാൻ നിർദ്ദേശം നൽകി.
എൻജിനിയർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പലരും ദീർഘകാല അവധിയിൽ തുടരുകയാണ്. ജീവനക്കാരുടെ ഓൺലൈൻ വഴിയുള്ള സ്ഥലംമാറ്റത്തിന് ശേഷമാണ് അവധി എടുക്കുന്ന പ്രവണത കൂടിയത്. കൃത്യമായ രീതിയിലാണ് സ്ഥലംമാറ്രം നടപ്പാക്കിയിട്ടുള്ളത്. മൂന്നുമാസം വരെ തുടർച്ചയായി ലീവെടുത്താൽ മാത്രമേ പകരം താത്കാലിക ജീവനക്കാരെ നിയമിക്കാനാവൂ. അതിനാൽ പലരും ഒരു മാസം ലീവെടുത്തശേഷം ഒരാഴ്ച ജോലിക്കെത്തും. വീണ്ടും അവധിയിലേക്ക് പോകും. ഇത് പദ്ധതികളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ നിരവധി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദീർഘകാല അവധി അനുവദിക്കാൻ തദ്ദേശ സെക്രട്ടറിയും ഡയറക്ടറും ചേർന്ന് മാനദണ്ഡങ്ങൾ തയ്യാറാക്കും. ജീവനക്കാരുടെ സംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല.
അഴിമതിക്കാരുടെ
പട്ടിക തയ്യാറാക്കും
അഴിമതി ഒരുവിധത്തിലും അനുവദിക്കാനാവില്ല. ഫയലുകൾ അകാരണമായി വച്ചു താമസിപ്പിക്കുന്നതും അനുവദിക്കാനാവില്ല. അത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിക്കും
അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര വിജിലൻസ് പരിശോധന വ്യാപകമാക്കും
വിജിലൻസ് ഉദ്യോഗസ്ഥർക്ക് സ്ഥാപനങ്ങളുടെ ചുമതല വിഭജിച്ച് നൽകും. അഴിമതിക്കാരെ നിരീക്ഷിച്ച് ശക്തമായ നടപടികൾ കൈക്കൊള്ളും