
വിഴിഞ്ഞം: ട്രയൽ റൺ നടക്കുന്ന തുറമുഖത്ത് ഒരു കപ്പലിൽ നിന്ന് മാത്രം 10,330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തെന്ന നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിൽ ഒരു കപ്പലിൽ നടന്ന ഏറ്റവും വലിയ കണ്ടെയ്‌നർ നീക്കങ്ങളിലൊന്നാണിതെന്ന് തുറമുഖ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 27ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ അന്ന എന്ന കപ്പലിൽ നിന്ന് കണ്ടെയ്‌നർ നീക്കം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലെന്ന പദവിയും അന്ന മദർഷിപ്പിന് സ്വന്തമാണ്. തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ളതും ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമായ ക്രെയിനുകൾ ഉപയോഗിച്ച് കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റിയശേഷം സെപ്‌തംബർ 30ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് കപ്പൽ മടങ്ങിയിരുന്നു.
ട്രയൽ റൺ സമയത്ത് ഇത്രയധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തത് വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം അപൂർവ നേട്ടമാണെന്നും ഈ നേട്ടം വരും നാളുകളിൽ കൂടുതൽ വലിയ നേട്ടങ്ങൾക്കായി വിഴിഞ്ഞത്തെ പ്രാപ്‌തമാക്കുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
കണ്ടെയ്‌നർ നീക്കം
75 ലക്ഷം അടുക്കുന്നു
ട്രയൽ റണ്ണിൽ മാത്രം വിഴിഞ്ഞം തുറമുഖത്തടുത്ത കപ്പലുകളിൽ നിന്ന് ചരക്കുനീക്കം നടത്തിയത് 60,000ഓളം കണ്ടെയ്‌നറുകളാണ്. ട്രയൽ റണ്ണിൽ 50,000 കണ്ടെയ്‌നറുകളെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൂടുതൽ കമ്പനികൾ വിഴിഞ്ഞത്തിനായി താത്പര്യം കാണിക്കുകയായിരുന്നു. നിലവിൽ തുറമുഖ യാർഡിൽ 20000ഓളം കണ്ടെയ്‌നറുകൾ നിരത്തിവച്ചിരിക്കുകയാണ്. ഈ മാസം നിരവധി ചെറുതും വലുതുമായ കണ്ടെയ്‌നർ കപ്പലുകൾ വിഴിഞ്ഞത്ത് അടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഈ മാസം ഒരുലക്ഷത്തോളം കണ്ടെയ്‌നറുകൾ വിഴിഞ്ഞം തുറമുഖം വഴി ട്രാൻസ്ഷിപ്പ്മെന്റ് നടത്തുമെന്നാണ് കണക്കുകൂട്ടൽ.
യാർഡ് വികസിപ്പിക്കുന്നു
നിരവധി കപ്പലുകൾ വിഴിഞ്ഞത്തേക്ക് അടുക്കുന്നതിനാൽ ഇതിലെത്തിക്കുന്ന കണ്ടെയ്‌നറുകൾ ഇറക്കി സൂക്ഷിക്കുന്നതിനായി കൂടുതൽ സ്ഥലം ആവശ്യമായി വരുന്നു. ഇത് മുൻകൂട്ടിക്കണ്ട് തുറമുഖത്തെ യാർഡിന്റെ ശേഷിച്ച പണികൾ അതിവേഗം നടക്കുകയാണ്. യാർഡിൽ ടെെലുകൾ പാകുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.