തിരുവനന്തപുരം: നറുക്കെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കേ ഓണം ബമ്പർ ലോട്ടറി വില്പനയിൽ വൻ കുതിപ്പ്. ഇന്നലെ വരെ 63 ലക്ഷം ടിക്കറ്റുകൾ വിറ്റു. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ശേഷിക്കുന്ന ടിക്കറ്റുകൾ നാലു ദിവസത്തിനകം വിറ്റുപോകുമെന്നാണ് പ്രതീക്ഷ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.


പാലക്കാട് ജില്ലയാണ് വില്പനയിൽ മുന്നിൽ. ഇതുവരെ 11,76,990 ടിക്കറ്റുകൾ വിറ്റു. 8,24,140 ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരവും 7,68,160 ടിക്കറ്റ് വിപണിയിലെത്തിച്ച തൃശൂരും തൊട്ടുപിന്നിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷം ടിക്കറ്റിൽ താഴെ മാത്രമേ വിറ്റഴിക്കാനുള്ളൂ. കൊല്ലത്ത് അവശേഷിക്കുന്നത് 23,000 ടിക്കറ്റുകൾ മാത്രം. പത്തനംതിട്ടയിൽ 12,000, കോട്ടയത്ത് 23,000, ആലപ്പുഴയിൽ 15,000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്. മറ്റ് ജില്ലകളിലും ടിക്കറ്റ് വില്പന സജീവമായി മുന്നോട്ടു പോകുന്നു.


കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നുമുള്ള ബോധവത്കരണം ലോട്ടറി വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ഹിന്ദിക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരെയുള്ള അവബോധ പ്രചാരണം നടത്തുന്നുണ്ട്.