തിരുവനന്തപുരം: പദ്മനാഭപുരത്ത് നിന്നെത്തിയ വിഗ്രഹങ്ങളെ പൂജയ്‌ക്കിരുത്തിയതോടെ അനന്തപുരിയുടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. പദ്മനാഭപുരം തേവാരക്കെട്ട് സരസ്വതി വിഗ്രഹം കോട്ടയ്‌ക്കകത്തെ നവരാത്രി മണ്ഡപത്തിൽ ഇന്നലെ രാവിലെ പൂജയ്‌ക്കിരുത്തി. വൈകിട്ട് ദേവി ജഗജ്ജനനിയുടെ സംഗീതക്കച്ചേരിയോടെ നവരാത്രി സംഗീതോത്സവത്തിനും തുടക്കമായി. ആദ്യ ദിവസം തന്നെ സരസ്വതി ദേവീയെ ദർശിക്കാൻ ഭക്തരുടെ തിരക്കായിരുന്നു.

സരസ്വതി വിഗ്രഹത്തിനൊപ്പം എഴുന്നള്ളിച്ച വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും ശുചീന്ദ്രം മൂന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലുമാണ് പൂജയ്‌ക്കിരുത്തിയത്. ആര്യശാല ക്ഷേത്രത്തിനു മുന്നിൽ വലതുവശത്തായി കുടിയിരുത്തിയ കുമാരസ്വാമിയുടെ വെള്ളിക്കുതിരയെ തൊട്ടുവണങ്ങാനും ഭക്തരുടെ തിരക്കായിരുന്നു. നവരാത്രി മണ്ഡപത്തിൽ ഒമ്പത് ദിവസവും വൈകിട്ട് 6.30ന് സംഗീതക്കച്ചേരികൾ അരങ്ങേറും. 13ന് കുമാരസ്വാമിയെ പൂജപ്പുര സരസ്വതി മണ്ഡപത്തിലേക്ക് ആനയിക്കും. ഇവിടെ പള്ളിവേട്ടയ്ക്ക് ശേഷം ഒരു ദിവസത്തെ നല്ലിരുപ്പ്. 15ന് പദ്മനാഭപുരത്തേക്കുള്ള മടക്കയാത്ര ആരംഭിക്കും.