തിരുവനന്തപുരം: ജില്ലാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ ആദ്യദിനം മുതൽ തുടർന്ന ലീഡ് നിലനിറുത്തി

ജി.വി.രാജ സ്‌പോർട്‌സ്‌ സ്‌കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. 267 പോയിന്റ് നേടിയാണ്‌ ജി.വി.രാജ വിജയത്തിൽ മുത്തമിട്ടത്. 36 സ്വർണവും 24 വെള്ളിയും 15 വെങ്കലവും ഉൾപ്പെടുന്നതാണ്‌ മെഡൽ നേട്ടം. 109 പോയിന്റ്‌ നേടി എസ്‌.എ.എം.ജി.എം.ആർ.എസ്‌.എസ്‌ വെള്ളായണി രണ്ടാംസ്ഥാനവും 105 പോയിന്റോടെ കേരള യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ്‌ ഹോസ്റ്റൽ മൂന്നാംസ്ഥാനവും നേടി. 31 പോയിന്റോടെ ഡി.എസ്‌.എ ആറ്റിങ്ങൽ, തിരുവനന്തപുരം സെന്റ്‌ തോമസ്‌ സെൻട്രൽ സ്‌കൂൾ, കാരക്കോണം, ദി സ്വിസ്‌ സെൻട്രൽ സ്‌കൂൾ, സായ്‌ എൻ.സി.ഒ.ഇ എന്നിവർ നാലാംസ്ഥാനം പങ്കിട്ടു.
244 ഇനങ്ങളിലായി 2,000 മത്സരാർത്ഥികളാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മൂന്നുദിവസത്തെ ജില്ലാ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്‌. റിലേ,ഓട്ടം ഉൾപ്പെടെ 145 ഇനങ്ങളാണ് സമാപനദിനമായ ഇന്നലെ നടന്നത്. ആദ്യമൂന്ന് സ്ഥാനങ്ങൾ നേടുന്നവർ 10 മുതൽ 13 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കും. സമാപനച്ചടങ്ങിൽ അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ചന്ദ്രശേഖരൻപിള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ.ആനന്ദ്‌കുമാർ അദ്ധ്യഷത വഹിച്ചു.. ജി.രാമചന്ദ്രൻ നായർ, കെ.രാമചന്ദ്രൻ, ഷെർളി ജോൺ, വൃന്ദാകുമാരി എന്നിവർ സംസാരിച്ചു.

അമ്മയുടെ പാതയിൽ

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിഡ്‌സ്‌ ജാവലിൻ ത്രോയിൽ അണ്ടർ 10 വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ എ.എസ്‌.അർണോൾഡിന് കരുത്തേകിയത് അമ്മ അഞ്ജുവാണ്. സ്കൂൾ പഠനകാലത്ത് ജാവലിൻ താരമായിരുന്നു അഞ്ജു. കായികമേഖലയിലേയ്ക്ക് കടന്നുവരാൻ മകന് ആത്മവിശ്വാസം പകർന്നതും അമ്മ തന്നെ. കാരക്കോണം ദി സ്വിസ്‌ സെൻട്രൽ സ്‌കൂളിലെ നാലാംക്ലാസുകാരനായ അർണോൾഡ് 15.35 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞപ്പോൾ അമ്മയുടെ മുഖത്തായിരുന്നു അഭിമാനപ്പുഞ്ചിരി. അച്ഛൻ അരുണും പിന്തുണച്ചു. ഇതേ സ്കൂളിലെ അ‌ഞ്ചാംക്ലാസുകാരി ആരാധികയും തന്റെ കന്നി മത്സരത്തിൽ 10.41 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ് സ്വർണം നേടി. സതീഷ്‌ ആണ്‌ പരിശീലകൻ

പോയിന്റ് നില


ആൺകുട്ടികൾ:കേരള യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ്‌ ഹോസ്റ്റൽ(39)
പെൺകുട്ടികൾ:കേരള യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ്‌ ഹോസ്റ്റൽ (8)
അണ്ടർ 20(ആൺകുട്ടികൾ):കേരള യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ്‌ ഹോസ്റ്റൽ(41)
അണ്ടർ 20 (പെൺകുട്ടകൾ):സായ്‌ എൽ.എൻ.സി.പി(15)
അണ്ടർ 18(ആൺകുട്ടികൾ):എസ്‌.എ.എം.ജി.എം.ആർ.എസ്‌.എസ്‌ വെള്ളായണി (31)
അണ്ടർ 18(പെൺകുട്ടികൾ): ജി.വി രാജ സ്‌പോർട്‌സ്‌ സ്‌കൂൾ (32)
ബോയ്‌സ്‌ അണ്ടർ 16:ജി.വി.രാജ സ്‌പോർട്‌സ്‌ സ്‌കൂൾ(43)
ഗേൾസ്‌ അണ്ടർ 16: ജി.വി രാജ സ്‌പോർട്‌സ്‌ സ്‌കൂൾ (41)
ബോയ്‌സ്‌ അണ്ടർ 14:ജി.വി.രാജ സ്‌പോർട്‌സ്‌ സ്‌കൂൾ(27)
ഗേൾസ്‌ അണ്ടർ 14: ജി.വി.രാജ സ്‌പോർട്‌സ്‌ സ്‌കൂൾ(32)
ബോയ്‌സ്‌ അണ്ടർ 12: ജി.വി.രാജ സ്‌പോർട്‌സ്‌ സ്‌കൂൾ (28)
ഗേൾസ്‌ അണ്ടർ 12: എസ്‌.എ.എം.ജി.എം.ആർ.എസ്‌.എസ്‌ വെള്ളായണി (27)
ബോയ്‌സ്‌ അണ്ടർ 10:സെന്റ്‌ ഷന്താൾ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ മലമുകൾ(10)
ഗേൾസ്‌ അണ്ടർ 10:സെന്റ്‌ റോക്ക്‌സ്‌ ടി.ടി.ഐ എൽ.പി.എസ്‌ തോപ്പ്‌(18)