sat

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിലെ പഴയ ബ്ലോക്ക് മൂന്നു മണിക്കൂർ ഇരുട്ടിലായതിൽ കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. ആശുപത്രിയുടെ ചുമതലയുള്ള മരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ ഡി. ശ്യാംകുമാറിനെയും സസ്‌പെൻഡ് ചെയ്തു. വീഴ്ച കണ്ടെത്തിയതിനാലാണ് നടപടി. ശ്യാംകുമാർ കൃത്യനിർവഹണത്തിൽ മനപൂർവം വീഴ്ചവരുത്തിയെന്ന് ചീഫ് എൻജിനിയർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കർശനടപടി വേണമെന്ന മന്ത്രി മുഹമ്മദ് റിയാസിൻെറ നിർദ്ദേശത്തെ തുടർന്ന് മെഡിക്കൽ കോളേജ് വിഭാഗം അസി.എൻജിനിയർ എ. കനകലത, ഒന്നാം ഗ്രേഡ് ഓവർസിയർ ബാലചന്ദ്രൻ എന്നിവരെ ചീഫ് എൻജിനിയർ സസ്‌പെൻഡ് ചെയ്തിരുന്നു.

ശ്യാംകുമാറിനെതിരെ നടപടിയെടുക്കേണ്ട ഫയൽ വകുപ്പ് സെക്രട്ടറിയ്ക്കും കൈമാറിയിരുന്നു. സസ്‌പെൻഷൻ ഒഴിവാക്കാൻ നൽകിയ വിശദീകരണങ്ങളൊന്നും വകുപ്പ് അംഗീകരിച്ചില്ല. അറ്റകുറ്റപ്പണി മേലധികാരികളെ അറിയിക്കാതെ ഓവർസിയർ ബാലചന്ദ്രന്ചുമതല നൽകി അസി.എൻജിനിയർ കനകലത ഞായറാഴ്ച വീട്ടിലേക്ക് പോയിരുന്നു.പകരം ചുമതലയേറ്റടുക്കാൻ ചീഫ് എൻജിനിയർ നിർദ്ദേശിച്ചെങ്കിലും ശ്യാംകുമാർ രണ്ടു മണിക്കൂർ വൈകിയാണ് എത്തിയത്. തകരാർ പരിഹരിക്കാൻ 5 മണിക്കൂറിലേറെ വേണമെന്നിരിക്കെ ഉടനടി പുറത്ത് നിന്ന് ജനറേറ്റർ എത്തിക്കാൻ ശ്രമിച്ചില്ല. എക്‌സിക്യൂട്ടീവ് എൻജിയർ നിർദ്ദേശിച്ചിട്ടും രാത്രി എട്ടു വരെയും ജനറേറ്റർ എത്തിക്കാതെ ശ്യാംകുമാർ ഉൾപ്പെടെയുള്ളവർ വൈകിപ്പിച്ചു തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വൈദ്യുതി നിലയ്ക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിരുന്നു. ജനറേറ്റർ എത്തിച്ച് മുൻകരുതലെടുക്കാത്തതാണ് ആശുപത്രി ഇരുട്ടിലാകാൻ കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.