കടയ്ക്കാവൂർ: കൊവിഡ് ലോക്ഡൗൺ കഴിഞ്ഞിട്ടുതന്നെ വർഷങ്ങൾ പതലുകഴിഞ്ഞു,​ എന്നിട്ടും അന്ന് നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ ഇന്നും ആരംഭിച്ചിട്ടില്ല. പല തവണ പരാതികൾ പറഞ്ഞുമടുത്തെങ്കിലും നാട്ടിൻപുറങ്ങളിലെ യാത്രാക്ലേശത്തിന് അറുതിവരുത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ബസുകളിൽ മിക്കതും നല്ല വരുമാനമുണ്ടായിരുന്നതാണ്.

കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,കായിക്കര,നെടുങ്ങണ്ട,വിളബ്ഭാഗം,നിലയ്ക്കാമുക്ക്,മണനാക്ക് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെത്താൻ കഷ്ടപ്പെടുകയാണ്.

ഇപ്പോൾ തിരുവനന്തപുരം തീരദേശം വഴി അഞ്ചുതെങ്ങിലേക്ക് കെ.എസ്.ആർ.ടി.സി ഒരു സർവീസ് നടത്തുന്നുണ്ട്. ഈ ബസ് അഞ്ചുതെങ്ങിൽ നിന്ന് മണിക്കൂറുകൾ കഴി‌ഞ്ഞാണ് തിരിച്ചുപോകുന്നത്. ഈ ബസ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ വരെ നീട്ടിയാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരുന്നു.