വർക്കല: കാതടപ്പിക്കുന്ന ശബ്ദത്തിൽ രൂപമാറ്റം വരുത്തി റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ വർക്കലയുടെ സ്ഥിരം കാഴ്ചയാണ്. രാവിലെയും വൈകിട്ടും പ്രദേശത്തെ സ്കൂൾ റോഡുകളിൽ തിരക്കേറുമ്പോഴാണ് ഇത്തരക്കാരുടെ അഭ്യാസപ്രകടനങ്ങൾ സ്ഥിരം നടക്കുന്നത്. ഇവർക്ക് ലൈസൻസ് ഉണ്ടോഎന്നുപോലും അറിയില്ല. വെട്ടൂർ റോഡ്, വർക്കല ക്ഷേത്രം റോഡ്, ഹെലിപ്പാട്, തിരുവമ്പാടി റോഡ് പാലച്ചിറ - എസ്.എൻ കോളേജ് റോഡ്, ശിവഗിരി തൊടുവെ - നടയറ റോഡ്, ഇടവ- കാപ്പിൽ റോഡ്, അയിരൂർ, വില്ലിക്കടവ്, ചാവർകോട്, പാളയംകുന്ന് എന്നിവിടങ്ങളിൽ അമിതവേഗതയിൽ കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി ബൈക്കിൽ പായുന്ന വിരുതന്മാരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഇരുചക്രവാഹനത്തിലെ ട്രിപ്പിൾ യാത്രക്കാരും കുറവല്ല. അപകടങ്ങൾ ഏറെ സംഭവിക്കാനിടയുള്ള പ്രദേശമായതിനാൽ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 നമ്പർ പ്ലേറ്റ് തോന്നിയപോലെ

മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും പിടി വീഴാതിരിക്കാൻ ചില വാഹനങ്ങളിൽ നമ്പർപ്ലേറ്റ് മാറ്റിയാണ് റോഡിലെ സർക്കസ്. ഇതുകാരണം റോഡിലിറങ്ങുന്ന മറ്റ് യാത്രക്കാർക്ക് പരിക്ക് പറ്റുന്നതും പതിവാണ്.

സബ് ആർ.ടി ഓഫീസിന് വാഹനമില്ല

നിയമലംഘനങ്ങൾ തടയാൻ വർക്കല സബ് ആർ.ടി ഓഫീസ് 2023 ഒക്ടോബറിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. എന്നാൽ ഈ ഓഫീസിന് സ്വന്തമായി വാഹനമില്ല. ആകെയുണ്ടായിരുന്ന വാഹനം 15 വർഷം പൂർത്തിയാക്കിയതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 29ന് വർക്കല താലൂക്ക് ഓഫീസ് വളപ്പിലേക്ക് മാറ്റി. ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിലും ടാക്സികളെയുമാണ് ആശ്രയിക്കുന്നത്. പള്ളിക്കൽ, കല്ലമ്പലം, വർക്കല, അയിരൂർ തുടങ്ങി സമീപ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈം, ആക്സിഡന്റ് കേസുകളിൽ പരിശോധനയ്ക്കായി എത്താനും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.