വെള്ളറട: വർഷങ്ങളായുള്ള പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന കെ.എം. മാണി വെള്ളറടയിൽ ട്രഷറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് ഭരണം മാറി എൽ.ഡി.എഫ് അധികാരമേറ്റപ്പോഴും ട്രഷറി സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയുമുണ്ടായില്ല. ട്രഷറി സ്ഥാപിക്കാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങളിപ്പോൾ വെള്ളറടയിലുണ്ട്. ട്രഷറി സ്ഥാപിച്ചാൽ നിരവധി പൊതുജനങ്ങൾക്ക് ഇതിന്റെ സേവനം പ്രയോജനപ്പെടും. നിരവധി സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കുന്ന ഇവിടെ ട്രഷറി ആവശ്യങ്ങൾക്ക് പാറശാലയിലോ കാട്ടാക്കടയിലോ പോവേണ്ട അവസ്ഥയാണ്. ട്രഷറി നിർമ്മിക്കുന്നതിനായി വെള്ളറട പൊലീസ് സ്റ്റേഷന് സമീപവും ആനപ്പാറ പൊലീസ് ക്വാർട്ടേഴ്സിന് സമീപവുമായി ആവശ്യത്തിലേറെ സ്ഥലമുണ്ട്. പൊലീസ് സ്റ്റേഷനകത്ത് സി.ഐ ഓഫീസിനുവേണ്ടി നിർമ്മിച്ച കെട്ടിടമിപ്പോൾ അടച്ചുപൂട്ടിയ നിലയിലുമാണ്. ഇവിടെ ട്രഷറിക്കാവശ്യമായ സ്ഥലവും കെട്ടിടവുമുണ്ട്. വെള്ളറടയിൽ ട്രഷറി സ്ഥാപിച്ചാൽ സമീപ പഞ്ചായത്തുകളായ അമ്പൂരി, ആര്യങ്കോട്, കുന്നത്തുകാൽ പഞ്ചായത്തിലെ ജനങ്ങൾക്കും പ്രയോജനപ്പെടും. പഞ്ചായത്തും വെള്ളറട വികസന സമിതിയും നിരവധി തവണ നിവേദനങ്ങളുമായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചിട്ടും ട്രഷറി പ്രഖ്യാപനത്തിൽ നടപടികളൊന്നുമുണ്ടായില്ല.