
തിരുവനന്തപുരം: സവിശേഷമായ ശബ്ദവിന്യാസത്തിലൂടെ ശ്രോതാക്കൾക്ക് പ്രിയങ്കരനായിമാറിയ ആകാശവാണി വാർത്താവതാരകൻ എം.രാമചന്ദ്രൻ (92) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അന്ത്യം. ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം മുടവൻമുഗൾ ശങ്കരൻപാറ ലെയിനിലെ ലക്ഷ്മീവരം (എസ്.പി.ആർ.എ 10) വീട്ടിലായിരുന്നു താമസം. രണ്ടുമാസം മുമ്പ് സെറിബ്രൽ ഹെമറേജ് ബാധിച്ച് ചികിത്സയിലായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ ഒരാഴ്ചമുൻപ് രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച വാർത്ത മലയാളികൾ അറിഞ്ഞത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയാണ്. വൈദ്യുതി ബോർഡിൽ ജോലി നോക്കുന്നതിനിടെയാണ് വാർത്താവതരണ രംഗത്തേക്ക് എത്തിയത്. ആകാശവാണിയിൽ കൗതുക വാർത്തകൾക്ക് വിത്തുപാകിയതും രാമചന്ദ്രനാണ്. ഡൽഹി ആകാശവാണിയിലൂടെയായിരുന്നു തുടക്കം. തുടർന്ന് കോഴിക്കോടും അവിടെ നിന്ന് തിരുവനന്തപുരം നിലയത്തിലുമെത്തി. കേരള സർവകലാശാലയിൽ ജോയിന്റ് രജിസ്ട്രാറായി വിരമിച്ച പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ. മക്കൾ: ജയദീപ് (ബാങ്ക് ഉദ്യോഗസ്ഥൻ, ദുബായ്), ദീപ. മരുമക്കൾ: മീര (ബാങ്ക് ഉദ്യോഗസ്ഥ, ദുബായ്), ഉദയകുമാർ (റിട്ട. എൻജിനീയർ,എഫ്.എ.സി.റ്റി).