തിരുവനന്തപുരം: പ്രതിവർഷം രണ്ട് കോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഭരിക്കുമ്പോൾ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്റെ അനുസ്മരണ സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അനന്തനാഗേശ്വര പുറത്ത് വിട്ട റിപ്പോർട്ടിലും ഇത് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം നടത്തുന്ന തൊളിൽ മേളകൾ തട്ടിപ്പാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മയും രൂക്ഷമാണ്. അകാലത്തിൽ മരണപ്പെട്ട അന്ന സെബാസ്റ്റ്യന് അനുഭവിക്കേണ്ടി വന്ന ക്രൂരമായ തൊഴിൽവേട്ടയെപ്പറ്റി അവരുടെ കുടുംബം പുറത്ത് വിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കോർപ്പറേറ്റുകളിലേക്ക് ചുരുങ്ങി. എന്നാൽ കഴിഞ്ഞ എട്ട് വർഷം കൊണ്ട് കേരളത്തിൽ 30000ൽ അധികം തസ്തികകൾ സൃഷ്ടിച്ചു. വ്യാവസായിക പുന:സംഘടനയിലൂടെ 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. അടുത്ത വർഷം നവംബറോടെ പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിൽ നിന്ന് തൊഴിലാളികൾ ആക്രമണം നേരിടുമ്പോൾ അവരെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സി.ഐ.ടിയു സംസ്ഥാന അദ്ധ്യക്ഷൻ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, മന്ത്രി വി.ശിവൻകുട്ടി, എം.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.