തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ സ്വദേശിയുമായ വിനീതമോളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കുറ്റവാസനയും സ്വഭാവ വൈകല്യവും തെളിയിക്കാൻ 13 സാക്ഷികളെ വിസ്‌തരിക്കും.
അഞ്ചാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി പ്രസൂൺ മോഹനാണ് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചത്. പ്രതി കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ മുമ്പ് നടത്തിയ മൂന്ന് കൊലപാതക കേസുകൾ അന്വേഷിച്ച തമിഴ്നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥരെയും ഫോറൻസിക് വിദഗദ്ധരെയും വിസ്‌തരിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. തിരുനെൽവേലി ആരുവാൾമൊഴി വെള്ളമഠം സ്വദേശിയായ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുബ്ബയ്യ,ഭാര്യ വാസന്തി,മകൾ 13കാരി അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പ്രതി ഹോട്ടൽ ജോലിക്കായി പേരൂർക്കടയിലെത്തിയത്.
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിന് മുന്നിലൂടെ പോയ പ്രതി വിനീതമോളുടെ കഴുത്തിൽ കിടന്ന സ്വർണമാല കവരുന്നതിനാണ് കൊലപാതകം നടത്തിയത്. 2022 ഫെബ്രുവരി ആറിന് പകൽ 11.50നായിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.