കാട്ടാക്കട: ആമച്ചലിൽ പട്ടാപ്പകൽ റോഡിലിറങ്ങിയ കാട്ടുപന്നി ഭീതി പരത്തി. ഇന്നലെ രാവിലെ 10.30 ഓടെയാണ് കാട്ടുപന്നി റോഡിലിറങ്ങിയത്. പന്നിയെ കണ്ട് റോഡിലുണ്ടായിരുന്നവർ ചിതറിയോടി. ഇതിനിടെ തെരുവുനായ്ക്കൾ പിന്നാലെയോടി കുരച്ച് ബഹളം വച്ചതോടെ, റോഡരികിലെ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയ്ക്കുള്ളിലേയ്ക്ക് പന്നി ഓടിക്കയറുകയും കടയിലെ സാധനങ്ങളെല്ലാം മറിച്ചിടുകയും ചെയ്തു. ഈ സമയം കടയിലുണ്ടായിരുന്നവർ പേടിച്ച് പുറത്തേക്കോടി. തുടർന്ന് കടയുടമയും നാട്ടുകാരും ചേർന്ന് പന്നിയെ തുരത്തുകയായിരുന്നു.