തിരുവനന്തപുരം: നഗരത്തിൽ അന്തരീക്ഷ മലിനീകരണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആവിഷ്കരിച്ച 'ഓക്സിജൻ പാർക്ക്' പദ്ധതി എങ്ങുമെത്തിയില്ല. പാളയം കണ്ണിമേറ മാർക്കറ്റിനു സമീപം 112 സെന്റിൽ തിരുവനന്തപുരം വികസന അതോറിട്ടിയാണ് (ട്രിഡ) പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കാൻ 'ഓക്സിജൻ പാർക്ക്" പദ്ധതി ആവിഷ്കരിച്ചത്. ഈ പ്രദേശങ്ങളിലെ കടകളിലെ വ്യാപാരികളുടെ പുനഃരധിവാസം പൂർത്തിയാകാത്തതാണ് പദ്ധതി ഇഴയാൻ കാരണം. കഴിഞ്ഞവർഷം ഒക്ടോബറിൽ പണിയാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ശുദ്ധവായു ലഭിക്കുന്നതിനായി അശോകം, ബോധി ഉൾപ്പെടെയുള്ള വൃക്ഷങ്ങൾ ചുറ്റും നട്ടുപിടിപ്പിക്കുന്ന തരത്തിലായിരുന്നു പാർക്കിന്റെ രൂപരേഖ. ട്രിഡയാണ് ഓക്സിജൻ പാർക്കിന്റെ രൂപരേഖ തയ്യാറാക്കിയത്. രാവിലെയും സായാഹ്നങ്ങളിലും കുടുംബസമേതം വന്നിരിക്കാവുന്ന ബെഞ്ചുകൾ, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ എന്നിവയും സജ്ജമാക്കാൻ ലക്ഷ്യമുണ്ടായിരുന്നു. ട്രിഡയുടെ 48 കടകളാണ് പദ്ധതിപ്രദേശത്തുള്ളത്. ഇവിടുത്തെ വ്യാപാരികളെയും നഗരസഭയുടെ കീഴിലുള്ള കച്ചവടക്കാരെയും ബേക്കറി ജംഗ്ഷനിലെ ഫ്ലൈഓവറിന് സമീപത്തായി സ്മാർട്ട്സിറ്റി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
ഇനിയും ഒരുമാസം
പുനഃരധിവാസം പൂർത്തിയായി പദ്ധതി ആരംഭിക്കാനിനിയും ഒരുമാസമെടുക്കുമെന്ന് ട്രിഡ അധികൃതർ അറിയിച്ചു. വിദഗ്ദ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി പ്രദേശത്തിന് എതിർവശത്തുള്ള രക്തസാക്ഷി മണ്ഡപത്തിൽ പലതരത്തിലുള്ള പ്രതിഷേധ യോഗങ്ങളും മീറ്റിംഗുകളും നടക്കാറുണ്ട്. ഇവയെല്ലാം നടക്കുന്നത് വലിയ ഗതാഗതത്തിരക്കിനിടയിലാണ്. പാർക്ക് വരുന്നതോടെ ഇത്തരം പരിപാടികളെല്ലാം പാർക്കിൽ സജ്ജമാക്കുന്ന ആംഫി തിയേറ്ററിൽ നടത്താനാകും.
സംസ്ഥാനത്തെ ആദ്യ ഓക്സിജൻ പാർക്ക്
സൗകര്യങ്ങൾ
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലങ്ങൾ
100 പേർക്ക് ഇരിക്കാനാവുന്ന ആംഫി തിയേറ്റർ
റിഫ്രെഷ്‌മെന്റ് കൗണ്ടറുകൾ
യോഗയ്ക്കും ധ്യാനത്തിനും പറ്റുന്ന പോയിന്റുകൾ
സാംസ്കാരിക കൂട്ടായ്മകൾക്കുള്ള വേദി
ലാൻഡ് സ്കേപ്പിംഗ്