തിരുവനന്തപുരം: വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ ക്ഷേത്രപൂജാരിക്കെതിരെ കേസ്. മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയും മണ്ണന്തല സ്വദേശിയുമായ അരുണിനെതിരെയാണ്(37) ഫോർട്ട് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ദേവീവിഗ്രഹത്തിലെ മൂന്ന് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ വിവരം കമ്മിറ്റിക്കാർ അറിയുന്നത്. വിഗ്രഹത്തിൽ കിടന്ന മാലയുടെ കൊളുത്തുകൾ പൊട്ടിക്കിടക്കുന്നത് കണ്ടപ്പോൾ കമ്മിറ്റിക്കാർ നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ആഭരണങ്ങൾ എത്രയും വേഗം തിരികെ നൽകാമെന്ന് അരുൺ ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. പൂന്തുറ ഉച്ചമാടൻ ദേവീ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അരുൺ. അവിടത്തെ വിഗ്രഹമോഷണക്കേസിൽ പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഫോർട്ട് പൊലീസ് കേസെടുത്തതോടെ അരുൺ ഒളിവിൽ പോയെന്നാണ് സൂചന.