
#നാളെ നിയമസഭ ചേരുംമുമ്പ്
നടപടിക്ക് സാദ്ധ്യത
# ശബരിമല അവലോകന
യോഗത്തിൽനിന്ന് മാറ്റിനിറുത്തി
തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ആർ.എസ്.എസ് ദേശീയ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടി ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് ശുപാർശയെന്ന് അറിയുന്നു.നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് നടപടിയുണ്ടായേക്കും.
ഇന്നലെ രാത്രി എട്ടോടെ ഡി.ജി.പി നേരിട്ടാണ് 300 പേജുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പോടെ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് നൽകും.
അതേസമയം, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അവലോകന യോഗത്തിൽ എ.ഡി.ജി.പി അജിത്കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കുകയായിരുന്നു.
ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടികാഴ്ച, പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച മാമി തിരോധാനക്കേസ്, പൂരംകലക്കൽ തുടങ്ങിയ ആരോപണങ്ങൾക്ക് ഇടയാക്കിയ സാഹചര്യം, ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിയുടെ ജാഗ്രത കുറവ് തുടങ്ങിയ കാര്യങ്ങൾ ഡി.ജി.പി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോർട്ടിലെ ഉള്ളടക്കവും അതിലേക്ക് എത്തിയ സാഹചര്യങ്ങളും ഡി.ജി.പി ഉടൻ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കും.
സസ്പെൻഷൻ ഒഴിവാക്കാൻ
ഉന്നതർ ഇടപെട്ട് തിരുത്തി
1. അജിത്കുമാറിന്റെ സസ്‌പെൻഷൻ ഒഴിവാക്കി സ്ഥാനചലനത്തിൽ ഒതുക്കാൻ തിരക്കിട്ട ശ്രമമാണ് ഇന്നലെ നടന്നത്. സസ്‌പെൻഷനിലേക്ക് നയിക്കുന്ന പരാമർശങ്ങളെല്ലാം റിപ്പോർട്ടിൽ മയപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുമായി ഡി.ജി.പി കൂടിക്കാഴ്ച നടത്തിയശേഷമാണ് തിരുത്തൽ വരുത്തിയത്.
ഡി.ജി.പി തയ്യാറാക്കിയ റിപ്പോർട്ട് അപ്പാടെ സ്വീകരിച്ചാൽ സസ്‌പെൻഡ് ചെയ്യേണ്ടിവരുമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമായിരുന്നു.
2. അധികാര സ്ഥാനത്ത് ഇല്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത് അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന റിപ്പോർട്ടിലെ ഭാഗങ്ങളാണ് മയപ്പെടുത്തിയത്.ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ.
3.സെൻട്രൽ വിജിലൻസ് കമ്മിഷൻ മാന്വൽ അനുസരിച്ചു ജനങ്ങൾക്കു മുന്നിൽ സർക്കാരിനു പേരുദോഷമുണ്ടാക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സർക്കാരിന് അധികാരമുണ്ട്.