wayanad

അനുയോജ്യമായ കാലവസ്ഥയും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുമൊക്കെയായി കേരളത്തിൽ ജീവിക്കാൻ വിദേശികൾ ഉൾപ്പെടെ കൊതിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇന്ന് അടിയ്ക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ പൊതുജീവിതത്തെ തകിടം മറിക്കുകയാണ്. ഓരേ പ്രകൃതിദുരന്തങ്ങളിലും ജനങ്ങളുടെ ജീവൻ നഷ്ടമായിട്ടും കേരളം ഇതിൽ നിന്നും പാഠമുൾക്കൊള്ളാതെയാണ് മുന്നോട്ട് പോകുന്നത്. 2019 ഓഗസ്റ്റ് എട്ടിന് വയനാട് പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 58 വീടുകൾ പൂർണമായും 20 ലേറെ വീടുകൾ ഭാഗികമായും തകർന്നിരുന്നു. പുത്തുമലയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയും ചൂരൽമലയും. 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന്റെയും 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിന്റെയും ഓർമകൾക്ക് അഞ്ചാണ്ട് പൂർത്തിയാകുമ്പോഴുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 403ലേക്ക് ഉയർന്നു. അവിടുത്തെ മനുഷ്യർ ഇന്നോളം അദ്ധ്വാനിച്ചത് ജലമെടുക്കുകയും ചെയ്തു. ഇനിയും ഇതിലും വലിയ ദുരന്തത്തിന് കാതോർക്കാതെ അതീജീവന വഴിവെട്ടാൻ കേരളം ഒരുങ്ങേണ്ടതുണ്ട്.

വേണ്ടത് കാലാവസ്ഥാ

വ്യതിയാന വിശകലനം

ആഗോളതാപനത്തിന്റെ ഫലമായി ലോകമാകെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ സംബന്ധിച്ച് അനേകായിരം റിപ്പോർട്ടുകളാണ് പൊതുമണ്ഡലത്തിലുള്ളത്. എന്നാൽ കേരളം ഈ പ്രതിഭാസത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാൻ തയാറാകുകയാണ് വേണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മണ്ണിന്റെ ഘടന പരിശോധിച്ച് ഭൂവിഭാഗങ്ങളെ പലതരത്തിൽ തിരിച്ചാവണം ഭൂവിനിയോഗം ഉറപ്പാക്കേണ്ടത്. പ്രവചനാതീതമായ മഴയാണ് ഇക്കഴിഞ്ഞ മുണ്ടക്കൈ ദുരന്തത്തിലേക്ക് വഴിതെളിച്ചതെന്നാണ് ദുരന്ത വിശകലന വിദഗ്ദ്ധർ പറയുന്നത്. ഇത് മനസിലാക്കി ആളുകളെ മാറ്റി പാർപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വലിയ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നു. പ്രവചനങ്ങൾക്ക് അപ്പുറമുള്ള കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും മറ്റു ഭരണ പാരിസ്ഥിതിക ഭൗമ പ്രത്യേകതകളെല്ലാം ഒത്തുചേർന്ന് സംജാതമായ അതിരൂക്ഷമായ പ്രകൃതി ദുരന്തങ്ങളിൽ കൂടിയാണ് കേരളം കടന്നു പോകുന്നത്. മനുഷ്യന്റെ പ്രകൃതിയ്ക്കുമേലുള്ള കടന്നു കയറ്റം ഇത്തരത്തിൽ കൂടിവരുന്നത് വരും വർഷങ്ങളിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാദ്ധ്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തടയേണ്ടത്

പശ്ചിമഘട്ടത്തിന്റെ നാശം

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങളിൽ വെള്ളപ്പൊക്കത്തിൽ നിന്നും കരകയറാൻ ഒറ്റമൂലയില്ല. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം കൊണ്ടുള്ള പശ്ചിമഘട്ടത്തിന്റെ നാശം തടയുന്നത് ഒരുപരിധി വരെ കേരളത്തിന് രക്ഷയായേക്കാം. 2010 മാർച്ചിൽ രൂപീകരിച്ച മാധവ് ഗാഡ്ഗിൽ സമിതി പശ്ചിമഘട്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും പ്രകൃതിയ്കക്കു മേലുള്ള മനുഷ്യന്റെ കടന്നു കയറ്റത്തെപ്പറ്റിയും എടുത്തു പറഞ്ഞിരുന്നു.. കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടുകൾ പശ്ചിമഘട്ടത്തിൽവരുന്ന 44 ജില്ലകളിലെ 142 താലൂക്കുകളിൽനിന്ന് 134 പരിസ്ഥിതിലോലമേഖലകളാണ് സമിതി തിരിച്ചറിഞ്ഞത്. കേരളത്തിലെ 75 താലൂക്കുകളിൽനിന്ന് ഇരുപത്തഞ്ചെണ്ണമാണ് പരിസ്ഥിതിലോലമായി തിരിച്ചറിഞ്ഞത്. ഇവയൊന്നും പരിരക്ഷിക്കാനുള്ള നീക്കങ്ങൾ ഇനിയുമുണ്ടായിട്ടില്ല. ക്വാറികളടക്കം നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്നതിനും നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ ഇത് ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കാനും പാടില്ല. സുസ്ഥിരമായ വികസന നയങ്ങളിലൂടെ വേണം പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കേണ്ടത്

ദുരന്തമേഖലകൾ

തിരിച്ചറിയണം

2018ലെ പ്രളയത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രളയ സാദ്ധ്യതാ മേഖലകളുടെയും ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലകളുടെയും മൈക്രോ ലെവൽ മാപ്പിംഗ് നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദുരന്ത നിവാരണ അതോറിട്ടി പ്രാഥമികതല മാപ്പിംഗ് നടത്തിയിരുന്നു. മൈക്രോ മാപ്പിംഗിനായി കേന്ദ്ര ജലകമ്മിഷനോട് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ഇതെങ്ങുമെത്തിയിട്ടില്ല. രാജ്യത്ത് 75 ശതമാനം പ്രദേശങ്ങളിലും പ്രളയ സാദ്ധ്യതയുണ്ട്. എന്നാൽ 25 ശതമാനം പ്രദേശങ്ങളിൽ മാത്രമേ പ്രളയ മുന്നറിയിപ്പു സംവിധാനമുള്ളുവെന്ന് ഡൽഹിയിലെ ഗവേഷണസ്ഥാപനമായ കൗൺസിൽ ഒഫ് എനർജി എൻവയൺമെന്റ് ആൻഡ് വാട്ടറിന്റെ റിപ്പോർട്ടിലും വ്യക്തമാക്കപ്പെടുന്നുണ്ട്. നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പഠനം നടത്തി കേരളത്തിലെ ദുരന്തമേഖലകൾ തിരിച്ചറിയണമെന്ന പ്രാഥമിക കർത്തവ്യം ഭരണകൂടങ്ങൾ നിർവ്വഹിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

വേണ്ടത് കൃത്യമായ

പദ്ധതികൾ

വർഷകാലങ്ങളിൽ പശ്ചിമഘട്ട മലനിരകളിൽ കഴിഞ്ഞ കുറെ കാലങ്ങളായി മണ്ണിടിച്ചിലുകൾ സാധാരണയാണ്. ഇതിന് വേണ്ടത് കൃത്യമായ മുന്നറിയിപ്പ് സംവിധാനമാണ്. അതിനൊപ്പം തന്നെ ആളുകളെ ദുരന്ത സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിയും ഉണ്ടാവണം. മഴ നിറുത്താതെ പെയ്താൽ നിലവിലത്തെ സാഹച്യത്തിൽ ഏതു നഗരവും വെള്ളത്തിന് അടിയിലാകാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും പുതിയ അറിവുകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെ കാലഘട്ടത്തിന് അനുയോജ്യമായ ദുരന്ത ലഘൂകരണം സംവിധാനമുണ്ടാക്കണം. കാലാവസ്ഥാ പ്രവചനങ്ങളും നീരൊഴുക്കും മണ്ണിടിച്ചിൽ സാദ്ധ്യതയും ഉൾപ്പെടെയുള്ള വിവരങ്ങളും തത്സമയം അതാത് പ്രദേശങ്ങളിൽ എത്തിക്കാനുള്ള നെറ്റ്‌വർക്ക് സംവിധാനം ഒരുക്കണം. കാലാവസ്ഥാ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, പഠന ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ സംഘടനകൾ, കർഷക ക്ലബ്ബുകൾ എന്നിവയൊക്കെ ഈ ശൃംഖലയുടെ ഭാഗമാവാം. ജലം, ഭൂമി, കാലാവസ്ഥ, വനം തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും ഉറപ്പാക്കണം. പഠന ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള കണ്ടെത്തെലുകളും നിർദ്ദേശങ്ങളും താഴെ തട്ടിൽ എത്താനും നടപ്പാക്കാനും ഉള്ള ക്രിയാത്മകമായ നടപടികൾ ഉണ്ടാകണം. വാർഡുതലം മുതൽ സംസ്ഥാന തലം വരെ വിവിധ ഘട്ടങ്ങളിൽ ഇവ നിരീക്ഷിക്കാനും ഉറപ്പു വരുത്താനുമുള്ള കമ്മറ്റികൾ രൂപീകരിക്കുന്നതും വരും കാലങ്ങളിലേക്കും പ്രയോജനകരമാകും.