തിരുവനന്തപുരം : പരിമിതമായി മാത്രം ശരീരത്തിൽ പ്രവേശിക്കുന്ന കാർഡിയോവാസ്കലാർ ഉപകരണങ്ങളുടെ മികവിന്റെ കേന്ദ്രം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഉദ്ഘാടനം ചെയ്തു.

ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ്, അബ്ഡോമിനൽ അയോർട്ടിക് സ്റ്റെന്റ് ഗ്രാഫ്റ്റ്, സ്ട്രോക് ചികിത്സയ്ക്കുള്ള ക്ളോട്ട് റിട്രീവർ, ഹൃദയത്തിൽ ഉപയോഗിക്കുന്ന ഒക്‌ളൂഡർ, പെരിഫറൽ സ്റ്റെന്റുകൾ തുടങ്ങിയ ഉപകരണങ്ങളുടെ വികസനത്തിൽ കേന്ദ്രം ശ്രദ്ധിക്കും.

കുറഞ്ഞ രോഗാവസ്ഥ, അണുബാധയുടെ സാദ്ധ്യതക്കുറവ്, കുറഞ്ഞ രക്തസ്രാവം, പെട്ടെന്നുള്ള രോഗശമനം എന്നിവയാണ് ഈ ഉപകരണങ്ങൾകൊണ്ടുള്ള പ്രധാന നേട്ടങ്ങൾ. ഇവ, ഉയർന്ന അപായസാദ്ധ്യതയുള്ള, ശസ്ത്രക്രിയ നടത്താനാവാത്ത രോഗികൾക്ക് സഹായകരമാകും. ശ്രീചിത്ര ബയോമെഡിക്കൽ ടെക്നോളജി വിംഗിലെ ഡിപ്പാർട്ട്മെന്റ് ഒഫ് മെഡിക്കൽ ഡിവൈസസ് എൻജിനിയറിംഗിലാണ് കേന്ദ്ര സർക്കാർ ബയോടെക്നോളജി വകുപ്പിന്റെ ധനസഹായത്തോടെ മികവിന്റെ കേന്ദ്രം പ്രവർത്തിക്കുക.

ശ്രീ ചിത്രയുടെ ഡിപ്പാർട്ട്മെന്റ് ഒഫ് മെഡിക്കൽ എൻജിനിയറിംഗിലെ ഡോ.സുജേഷ്.എസ്, എൻജിനിയർ രഞ്ജിത്.ജി, എൻജിനിയർ മുരളീധരൻ.സി.വി, കാർഡിയോളജിയിലെയും ഇന്റർവെൻഷണൽ റേഡിയോളജിയിലെയും പ്രൊഫ.ഹരികൃഷ്ണൻ എസ്, പ്രൊഫ.ജയദേവൻ.ഇ.ആർ, പ്രൊഫ.ബിജുലാൽ.എസ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ മികവിന്റെ കേന്ദ്രത്തിൽ ചേരുന്നതിനും പദ്ധതികളിൽ സംഭാവന ചെയ്യുന്നതിനും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും മെഡിക്കൽ ഉപകരണ വ്യവസായ പങ്കാളികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.sctimst.ac.in.