കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ. ആറങ്ങാടി നിലാങ്കര വി.കെ ഹൗസിൽ അഷറഫ് പഴയപാട്ടില്ലത്ത്, ആറങ്ങാടി വടക്കൻ വീട്ടിൽ മുഹമ്മദ് റിയാസ് എന്നിവരെയാണ് ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ പി. അജിത് കുമാർ അറസ്റ്റുചെയ്തത്.
ഹോസ്ദുർഗ് ബാങ്കിന്റെ സായാഹ്ന ശാഖ, മെയിൻ ബ്രാഞ്ച്, ആറങ്ങാടി ശാഖ എന്നിവിടങ്ങളിൽ 11 വളകൾ പണയപ്പെടുത്തി 5,86,7000 രൂപയാണ് ഇവർ തട്ടിയെടുത്തത്. ചീമേനി, നീലേശ്വരം, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മുക്കുപണ്ട പണയ തട്ടിപ്പിന്റെ സൂത്രധാരനെ തിരയുന്നതിനിടെയാണ് പണയ തട്ടിപ്പിന്റെ ഏജന്റുമാരായ ഇവർ അറസ്റ്റിലാവുന്നത്.
ഹോസ്ദുർഗിൽ നാലും നീലേശ്വരത്ത് മൂന്നും ചീമേനിയിൽ രണ്ടും പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ ചീമേനി പെട്ടിക്കുണ്ടിലെ അഷ്രഫ്, രാജേഷ് എന്നിവർ പിടിയിലായതോടെയാണ് കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനു കീഴിൽ നടന്ന പണയത്തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവന്നത്. ഹോസ്ദുർഗിൽ അറസ്റ്റിലായ രണ്ടു പ്രതികളെയും ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.