തിരുവനന്തപുരം: കഴിഞ്ഞ് അഞ്ച് വർഷമായി കണ്ണമ്മൂല അയ്യങ്കാളി റോഡ് നിവാസികളുടെ യാത്ര തീരാ ദുരിതത്തിലാണ്. പല പദ്ധതികളുടെ പേരിൽ റോഡ് വെട്ടിപ്പൊളിച്ച് കുണ്ടും കുഴിയുമാക്കിയതല്ലാതെ പദ്ധതികൾ വെളിച്ചം കണ്ടില്ല. മഴപെയ്താൽ ഈ റോഡ് തോടിന് സമമാകും. പിന്നെ ചെളിയും വെള്ളവും മാലിന്യവും. നടക്കാൻ പെടാപ്പാടുപെടും. വാഹനങ്ങൾ വെള്ളക്കെട്ടുള്ള കുഴിയിൽ വീഴുന്നതും ചെളിയിൽ പുതയുന്നതും സ്ഥിരം കാഴ്ച. സർക്കാർ പദ്ധതിയുടെ ഭാഗമായി 2019ലാണ് റോഡ് വെട്ടിപ്പൊളിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അനുഭവിക്കുന്ന ദുരിതം അധികൃതരെ അറിയിച്ചിട്ടും നടപടിമാത്രമില്ല.
ഓരോ കാരണങ്ങൾ
ഡ്രെയിനേജിന്റെ കാര്യം പറഞ്ഞാണ് ആദ്യം റോഡ് കുഴിച്ചത്. പക്ഷേ ജോലി നടന്നില്ല. പിന്നെ കുറേക്കാലം കഴിഞ്ഞ് സ്വീവേജ് ജോലിക്കായി റോഡ് പിന്നെയും വെട്ടിപ്പൊളിച്ചു. ഈ ജോലി തീർത്തെങ്കിലും റോഡ് റീ ടാറിംഗ് നടത്തിയില്ല. സ്വീവേജ് വിഭാഗം നഗരസഭയിൽ തുക അടയ്ക്കാൻ വൈകിയതോടെ ടാറിംഗ് പിന്നെയും വൈകി. അധികൃതരെയും ജനപ്രതിനിധികളെയും വിവരമറിയിച്ചെങ്കിലും അവർ കൈയ്യൊഴിഞ്ഞ മട്ടാണ്.
പ്രധാന റോഡ്
കണ്ണമ്മൂല പാലത്തിന് സമീപത്തെ ആമയിഴഞ്ചാൻ തോടിന് കരയിലുള്ളതാണ് അയ്യങ്കാളി റോഡ്. കണ്ണമ്മൂലയിൽ നിന്ന് നെല്ലിക്കുഴി പോകാൻ എളുപ്പവഴി. നേരായ രീതിയിൽ നിർമ്മാണം നടത്തിയാൽ ചെറിയൊരു ബൈപ്പാസ് മോഡലാക്കാം. റോഡിന്റെ ആരംഭംമുതൽ 500 മീറ്റർ വരെ കുണ്ടും കുഴിയുമാണ്. ഒപ്പം ഇരുട്ടും. യാത്രചെയ്യാൻ ഒട്ടും പറ്റാതാകുമ്പോൾ കാവുവിള, കാക്കോട്,നെല്ലിക്കുഴി എന്നീ പാലങ്ങളിലൂടെ കടന്ന് തോട്ടിന് മറുവശത്തുള്ള ഭഗത്സിംഗ് റോഡിലൂടെ കറങ്ങിയാണ് പലരും വീട്ടിലെത്തുന്നത്.