തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സാംസ്കാരിക മുഖമാണ് സാഹിത്യകാരൻ ജോർജ് ഓണക്കൂറെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസന്റെ സ്‌മരണാർത്ഥം പ്രവർത്തിക്കുന്ന എം.ബി.എസ് യൂത്ത് ക്വയർ ഏർപ്പെടുത്തിയ എം.ബി.എസ് പുരസ്‌കാരം ഡോ.ജോർജ് ഓണക്കൂറിന് കിഴക്കേകോട്ട കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക സമ്മേളനങ്ങളിൽ നിന്ന് ഓണക്കൂറിനെ ഒഴിച്ചുനിറുത്താനാവില്ല. എം.ബി.ശ്രീനിവാസന്റെ ഓർമ്മയ്ക്കായി മദ്രാസിൽ പ്രവർത്തിക്കുന്ന യൂത്ത് ക്വയറുമായി തുടക്കം മുതൽ വലിയ ആത്മബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ക്വയറിന്റെ 36-ാം വാർഷികവും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. യൂത്ത് ക്വയർ പ്രസിഡന്റ് കെ.വി.സെലിൻ അദ്ധ്യക്ഷത വഹിച്ചു. കവി പ്രഭാവർമ്മ ആശംസയർപ്പിച്ചു. കോഓർഡിനേറ്റർ അശോക് ശർമ്മ,ട്രഷറർ ആർ.ഷാജു,രക്ഷാധികാരി ഡോ.എസ്.ശാന്തി, സെക്രട്ടറി ജോൺ മത്തായി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സൂര്യഗാഥ (ഒ.എൻ.വി ഗായകവൃന്ദം), എം.ബി.എസ് ചിൽഡ്രൻസ് ക്വയർ,എം.ബി.എസ് യൂത്ത് ക്വയർ എന്നിവരുടെ സംഗീതവിരുന്ന് നടന്നു.