തിരുവനന്തപുരം: കുടുംബപെൻഷന് വരുമാനപരിധി നിശ്ചയിച്ചതോടെ പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഉപജീവനമാർഗമോ വാർഷികവരുമാനം അറുപതിനായിരം രൂപയിൽ കൂടുതലോ ഉള്ള ആശ്രിതർക്ക് ഇനി കുടുംബപെൻഷൻ ലഭിക്കില്ല. മുഖ്യമന്ത്രിയുടെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സർക്കാർ ജീവനക്കാരുടെ അവിവാഹിതരായ പെൺമക്കൾക്ക് വാർഷിക വരുമാനം അറുപതിനായിരത്തിൽ കൂടുതൽ ഉണ്ടെങ്കിൽ പെൻഷൻ നൽകേണ്ടെന്ന തീരുമാനം 2021 ൽ വന്നിരുന്നു. ഈ നിബന്ധനയാണ് ഭിന്നശേഷിക്കാർക്കും ബാധകമാക്കിയത്. അയ്യായിരം രൂപ മാസം കിട്ടിയാൽ പെൻഷൻ നിഷേധിക്കുന്നത് ക്രൂരതയാണെന്ന് രക്ഷിതാക്കൾ പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്കും മറ്റുമായി മാസം ആയിരക്കണക്കിന് രൂപ വേണം. ഇവർക്ക് നിരന്തര പരിചരണം നൽകാനും ഭാരിച്ച ചെലവുണ്ട്. കുടുബ പെൻഷൻ നിലയ്ക്കുന്നതോടെ തങ്ങളുടെ കാലശേഷം മക്കളുടെ ജീവിതം ഇരുളടയുമല്ലോ എന്ന വേദനയിലാണ് രക്ഷിതാക്കൾ. സ്വന്തമായി തീരുമാനങ്ങളെടുക്കാനോ വരുമാനം തേടാനോ ശേഷിയില്ലാത്ത ഭിന്നശേഷിക്കാർക്ക് ഭരണസംവിധാനങ്ങളുടെ പരിരക്ഷ ഇല്ലാതാക്കുന്നത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു.