തിരുവനന്തപുരം: ആര്യശാല ദേവീക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാർവതി ദേവി ശീവേലി എഴുന്നള്ളത്തിന് പുറപ്പെടുകയാണ് !. ശ്രീകോവിലിന് പുറത്ത് വാളേന്തി സബ് ഇൻസ്‌പെക്ടറും തോക്കുകളുമേന്തി പൊലീസുകാരും സജ്ജരായി. ബാൻഡ് മേളം മുഴങ്ങിയതോടെ എഴുന്നള്ളത്ത് ആരംഭിച്ചു. ആദ്യം ഗാർഡ്ഓഫ് ഓണർ. പിന്നെ പൊലീസ് സംഘം തിടമ്പേറ്റിയ ശാന്തിക്കാരന് മുന്നിലായി നടന്നുനീങ്ങി.
നവരാത്രി ഉത്സവനാളുകളിൽ ആര്യശാല ദേവീക്ഷേത്രത്തിൽ മാത്രമാണ് അപൂർവമായ ഈ പതിവുള്ളത്. പാർവതിദേവിയുടെ അടുത്ത് മകൻ സുബ്രഹ്മണ്യനെത്തുമ്പോഴാണ് ശീവേലി എഴുന്നള്ളത്തിന് പൊലീസ് അകമ്പടി പോകുന്നത്. ദേവസേനാധിപനാണ് സുബ്രഹ്മണ്യൻ, ഇവിടെ ദേവസേനയായി പൊലീസ് മാറുന്നു. എഴുന്നള്ളത്ത് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പൊലീസ് ബാൻഡുമുണ്ടാകും.
നേരത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ കുമാരകോവിലിൽ നിന്ന് കേരള,തമിഴ്നാട് പൊലീസ് അകമ്പടിയോടെ ഘോഷയാത്രയായി കൊണ്ടുവരുന്ന കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും നവരാത്രി നാളുകളിൽ കുടിയിരുത്തുന്നത് ആര്യശാല ദേവീക്ഷേത്രത്തിലാണ്. വെള്ളിക്കുതിരപ്പുറത്തെത്തുന്ന കുമാരസ്വാമി ആര്യശാലയിലെത്തിയാൽ പാർവതിദേവിക്ക് മുന്നിലാണിരിക്കുന്നത്. അമ്മയായ പാർവതി ദേവിയെ കാണാനും ഒന്നിച്ചിരിക്കാനും കുമാരകോവിലിൽ നിന്ന് മകനായ കുമാരൻ (മുരുകൻ) നവരാത്രി ആഘോഷം തുടങ്ങുന്നതിനുമുമ്പ് ആര്യശാല ക്ഷേത്രത്തിലെത്തുന്നുവെന്ന വിശ്വാസവും ഇതിനുണ്ട്.
കുമാരസ്വാമിക്ക് അകമ്പടി സേവിച്ചെത്തുന്നവരും തിരിച്ചെഴുന്നള്ളത്തുവരെ ആര്യശാല ക്ഷേത്രത്തിൽ തങ്ങും. അകമ്പടിക്കാരായ പൊലീസും ക്ഷേത്രത്തിലുണ്ടാകും. മകനൊപ്പമെത്തിയ സൈനികർ അമ്മ പുറത്തിറങ്ങുമ്പോൾ ആചാരപരമായി ബഹുമാനിക്കുന്ന ചടങ്ങാണിതെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 7,ഉച്ചയ്‌ക്ക് 12,രാത്രി 8 എന്നീ സമയങ്ങളിലാണ് ക്ഷേത്രത്തിലെ എഴുന്നള്ളത്ത്.
അന്ന് ഭടന്മാർ, ഇന്ന് പൊലീസ്
തലസ്ഥാന നഗരത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ആര്യശാല ദേവീക്ഷേത്രത്തിൽ പണ്ടും നവരാത്രി കാലത്തെ ശീവേലി എഴുന്നള്ളത്തിന് ആചാരപരമായ ഗാർഡ് ഒഫ് ഓണറുണ്ടായിരുന്നു. തിരുവിതാംകൂറിലെ ഭടന്മാരുടേതായിരുന്നു അന്നത്തെ ഗാർഡ് ഒഫ് ഓണർ. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ഈ പതിവ് നിന്നു. ക്ഷേത്രം ഉപദേശക സമിതിയുടെ നിവേദനങ്ങളുടെ ഫലമായി 2004ലാണ് ഗാർഡ് ഒഫ് ഓണർ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെ.എ.പി തൃപ്പൂണിത്തുറ ബറ്റാലിയനിലെ പൊലീസുകാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്.