d

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത്‌കുമാറിനെതിരെ നടപടിയെടുത്തതോടെ നിയമസഭയിൽ പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ഭരണപക്ഷം.

എൽ.‌ഡി.എഫിലെ ഘടകകക്ഷികൾ ആവശ്യപ്പെട്ടതിനു പുറമേ, പാർട്ടിക്കുളളിലും ആവശ്യം ശക്തമായതോടെയാണ് നടപടിയിലേക്ക് കടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായത്. പൊലീസ് മേധാവിയുടെ റിപ്പോർട്ട് ശരിവച്ച് അജിത്‌കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു നീക്കുകയായിരുന്നു.

ഈ നടപടി ആശ്വാസമായത് സി.പി.ഐക്കാണ്. പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് അജിത്‌കുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന് നിരവധി തവണയാണ് സി.പി.ഐ ആവശ്യപ്പെട്ടത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിണറായി വിജയനെ നേരിട്ട് കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം 28 മുതൽ ഇക്കാര്യത്തിൽ സി.പി.ഐ സമ്മർദ്ദം ശക്തമാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ദേശീയ നിർവാഹകസമിതി അംഗം പ്രകാശ് ബാബുവും പലവട്ടം ഇക്കാര്യം പരസ്യമായി ഉന്നയിച്ചത് വ്യക്തമായ രാഷ്ട്രീയ സന്ദേശം സി.പി.എമ്മിന് നൽകാനായിരുന്നു.

ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അജിത് കുമാറിനെ സർക്കാർ എന്തിനാണ് സംരക്ഷിക്കുന്നതെന്ന ചോദ്യത്തിന് അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന മറുപടി ആവർത്തിക്കുകയായിരുന്നു മുഖ്യമന്ത്രി

എ.ഡി.ജി.പിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച പി.വി.അൻവർ എം.എൽ.എ ഇടതു മുന്നണി വിട്ടുപോകുന്നതരത്തിൽ രാഷ്ട്രീയ വിവാദം മാറിയിട്ടും അജിത് കുമാറിനെ തൊടാൻ സർക്കാർ തയ്യാറായിരുന്നില്ല.

കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ വിഷയം ആർ.ജെ.ഡിക്കൊപ്പം ഉന്നയിച്ച സി.പി.ഐ, അതിനുശേഷം പാർട്ടി മുഖപത്രത്തിൽ എ.ഡി.ജി.പിയെ രൂക്ഷമായി വിമർശിച്ച് ലേഖനങ്ങളും മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു. എന്നിട്ടും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തള്ളിയതോടെ സി.പി.ഐ സമ്മർദ്ദം കടുപ്പിച്ചു.

ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റുമെന്ന് കഴിഞ്ഞ ബുധനാഴ്ച സി.പി.ഐക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് വന്നശേഷം മാറ്റമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി എക്സിക്യൂട്ടിവ് യോഗത്തെ അറിയിക്കുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കേ, എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം പൊലീസ് പൂരം കലക്കിയത് തൃശൂരിൽ ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കിയെന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിൽ ഇടതു സ്ഥാനാർത്ഥിയായിരുന്ന വി.എസ് സുനിൽ കുമാറും രംഗത്ത് വന്നിരുന്നു.