
നെടുമങ്ങാട്: മദ്ധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ്പ കേസിലെ പ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കരിപ്പൂര് നെയ്യപ്പള്ളിയിൽ വിനോദ് എന്ന് വിളിക്കുന്ന ഷൈജു (39),അരുവിക്കര ഇരുമ്പ തടത്തരികത്ത് വീട്ടിൽ ആദർശ് (27) എന്നിവരാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 5ന് രാത്രി 7ന് കരകുളം മുല്ലശ്ശേരി തോപ്പിൽ കട്ടക്കാലിൽ പുത്തൻവീട്ടിൽ സോമനെയാണ് ( 66) പ്രതികൾ ആക്രമിച്ചത്. സോമന്റെ മകന്റെ ബൈക്ക് പ്രതികൾ അടിച്ചുപൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് ഷൈജു വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചത്. വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ഷൈജു കാപ്പ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. സോമന്റെ മകനെ തലയ്‌ക്കടിച്ച് പരിക്കേല്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇക്കാര്യത്തിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്‌തു.