തിരുവനന്തപുരം: അരുവിക്കര ഡാമിന് സമീപത്തെ ശിവപാർക്ക് വിനോദസഞ്ചാരത്തിനായി നവീകരിക്കാനുള്ള ഡി.ടി.പി.സി ( ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ )യുടെ പദ്ധതിക്ക് വാട്ടർ അതോറിട്ടി ഡയറക്ടർ ബോർഡ് അനുമതി നൽകി. വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥാവകാശം നിലനിറുത്തിക്കൊണ്ടും പൈപ്പ്ലൈനുള്ള ഭാഗങ്ങളിൽ നിർമ്മാണം നടത്തരുതെന്നുമുള്ള നിബന്ധനകളോടെയാണ് എൻ.ഒ.സി നൽകിയത്.

ശിവപാർക്ക് നവീകരണം വാട്ടർ അതോറിട്ടി നേരിട്ട് നടത്താനാണ് മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും ജി.സ്റ്റീഫൻ എം.എൽ.എയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പിന് കൈമാറുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നവീകരണത്തിനുള്ള ഭരണാനുമതി നേടിയ ഡി.ടി.പി.സി, പദ്ധതിരേഖയും വാട്ടർ അതോറിട്ടിക്ക് സമർപ്പിച്ചിരുന്നു.പാർക്ക് സ്ഥിതിചെയ്യുന്ന പ്രദേശത്ത് മാത്രമാണ് നവീകരണം നടത്തുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടിയിരുന്നു.

 3.99 കോടിയുടെ എസ്റ്റിമേറ്റ്

 നവീകരണ ചുമതല ഡി.ടി.പി.സിക്ക്

 വരുമാനം വാട്ടർ അതോറിട്ടിയും ഡി.ടി.പി.സിയും പങ്കുവയ്ക്കും

വരുമാനത്തിന്റെ 20 ശതമാനം ജലഅതോറിട്ടിക്ക്

പാർക്കിംഗ് വരുമാനത്തിൽ നിന്ന് 40 ശതമാനം നൽകണം

 റിസർവോയറിലെയും ഡൗൺസ്ട്രീമിലെയും ജലം മലിനമാക്കാൻ പാടില്ല

 നിലവിലുള്ള മരങ്ങൾ മുറിക്കരുത്

 പാർക്കിൽ ടോയ്ലറ്റ് നിർമ്മിക്കാൻ പാടില്ല, പുറത്തെ ടോയ്ലറ്റ് ഉപയോഗിക്കാം

 പാർക്കിന്റെ നെയിംബോർഡിൽ വാട്ടർ അതോറിട്ടിയുടെ പേരും എംബ്ലവും വയ്ക്കണം