
കിളിമാനൂർ: മഴപെയ്താൽ വെള്ളക്കെട്ട്, തുരുമ്പെടുത്ത് ഒടിഞ്ഞ സുരക്ഷാവേലി, അതിൽ നിറയെ വള്ളിപ്പടർപ്പുകൾ കിളിമാനൂർ പഴയപാലത്തിന്റെ അവസ്ഥയാണിത്. കിളിമാനൂർ ടൗണിനെ കുന്നുമ്മലുമായി ബന്ധിപ്പിക്കുന്ന പഴയപാലം ഇത്തരത്തിൽ അപകടഭീഷണിയായി നിലകൊള്ളാൻ തുടങ്ങിയിട്ട് കാലങ്ങളായി. സർവീസ് ബസുകളും ചെറുവാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനവും ഈവഴി കടന്നുപോകുന്നത്. കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം കടന്നുപോകാനേ ഈ പാലത്തിലൂടെ കഴിയൂ. സംസ്ഥാന പാതയിൽ പുതിയ പാലം നിർമ്മിച്ചെങ്കിലും കുന്നുമ്മൽ ഭാഗത്തേക്കുള്ള ഗതാഗത സൗകര്യത്തിനായാണ് പഴയ പാലം ഇപ്പോഴും ഉപയോഗിക്കുന്നത്.
സംരക്ഷണമില്ലാത്ത വേലി
സംരക്ഷണത്തിനുള്ളത് രണ്ടടിപോലും ഉയരമില്ലാത്ത കമ്പിവേലി
കമ്പിവേലി പലയിടവും ദ്രവിച്ച് ഇളകി
വേലിയെ മറച്ച് കാട്ടുചെടികളും വളർന്നു പന്തലിച്ചിട്ടുണ്ട്.
വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർ ഈ കമ്പിവേലിയോടു ചേർന്ന് നിൽക്കണം
പാലത്തിലെ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടി ഒഴുകുന്നതും നിത്യസംഭവം
അപകട സാദ്ധ്യതയും
മുമ്പ് കാൽനട യാത്രക്കാരൻ മുപ്പതടിയോളം താഴ്ചയുള്ള ചിറ്റാറിലേക്ക് കാൽവഴുതി വീണിരുന്നു. പിറ്റേ ദിവസം രാവിലെ നാട്ടുകാരും പൊലീസും ചേർന്നാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. തടയണയിൽ വെള്ളം കുറവായതുകൊണ്ടാണ് ഇയാൾ രക്ഷപെട്ടത്.
പാലത്തിന് അമ്പത് മീറ്റർ മാത്രം അകലെയാണ് നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന കിളിമാനൂർ ഗവ. ടൗൺ യു.പി.എസ്. അപകടസാദ്ധ്യത ഏറെയുള്ള ഇവിടെ അടിയന്തരമായി ഇരുവശവും പടർന്നുകിടക്കുന്ന കാടുകൾ വെട്ടിനീക്കി ഉയരമുള്ള സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നാണ് ആവശ്യം.