വിഴിഞ്ഞം: വികസനം കാത്ത് വിഴിഞ്ഞം കെ.എസ്‍.ആർ.ടി.സി ഡിപ്പോ. ജീവനക്കാരുടെ ഓഫീസ് മന്ദിരം ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഡിപ്പോയിലെ ബസ് പാർക്ക് ചെയ്യുന്ന സ്ഥലവും മെക്കാനിക്കുകൾ പണി ചെയ്യുന്ന സ്ഥലവും ടാറിളകി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. വെയിറ്റിംഗ് ഷെഡിന്റെയും വനിതകൾക്കായുള്ള വിശ്രമമുറിയുടെയും അവസ്ഥയും പരിതാപകരമാണ്.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾ നടത്താനുള്ള സൗകര്യംപോലും ഡിപ്പോയിലില്ല. രാത്രിയായാൽ ആവശ്യത്തിന് വെളിച്ചംപോലുമില്ലാതെ ഗ്യാരേജ് ഇരുട്ടിലാണ്.

സീസൺ സമയത്ത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ വന്നുപോകുന്ന സ്ഥലമാണിത്. അത്യാധുനിക ഓഫീസ് കോംപ്ലക്‌സ് നിർമ്മിക്കുമെന്ന പ്രഖ്യാപനവും നീളുകയാണ്. ഡിപ്പോയിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിണർ കുഴിക്കുന്നതിന് ഭൂതലജല വകുപ്പിന് പണം അടച്ചെങ്കിലും അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. അരനൂറ്റാണ്ടോളം പഴക്കമുള്ള ഡിപ്പോയാണ് ഇപ്പോൾ ശോചനീയാവസ്ഥയിലാകുന്നത്.

യാത്രാക്ലേശവും

നഗരത്തിലെത്തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരുന്ന ഡിപ്പോയാണ് വിഴിഞ്ഞത്തേത്. 76 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരിന്ന വിഴിഞ്ഞം ഡിപ്പോയിൽ ജനങ്ങൾ യാത്രാക്ലേശം അനുഭവിക്കുന്ന ഇപ്പോൾ ശരാശരി 48 ഷെഡ്യൂളുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. മുൻപ് ഡി.ടി.ഒ ഉണ്ടായിരുന്നെങ്കിലും നിലവിൽ എ.ടി.ഒയ്ക്കാണ് ചാർജ്.


പ്രത്യക്ഷ സമരം നടത്തും: ആർ.ജെ.ഡി

അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ലോക പ്രശസ്ത ട്യൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളവും, ചൊവ്വരയും, വിഴിഞ്ഞം വെങ്ങാനൂർ ഹയർ സെക്കൻഡറി സ്കൂളുകളും വിഴിഞ്ഞം ഫിഷിംഗ് ഹാർബറും തുടങ്ങി നിരവധി സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വിഴിഞ്ഞത്ത് യാത്രക്കാരുടെ സൗകര്യത്തിന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിസ്ട്രിക്ട് ഡിപ്പോ അടച്ചു പൂട്ടുന്നതിന് മാനേജ്മെന്റിന്റ് രഹസ്യ നീക്കം നടക്കുന്നതായി രാഷ്ട്രീയ ജനതാദൾ വെങ്ങാനൂർ കോർപ്പറേഷൻ ഡിവിഷൻ സമ്മേളനം ആരോപിച്ചു.

മെക്കാനിക്കൽ ജീവനക്കാരെയും ഓഫീസ് ജീവനക്കാരെയും മറ്റ് ഡിപ്പോകളിലേക്ക് സ്ഥലം മാറ്റുകയും നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് തിരികെ വിഴിഞ്ഞത്തു തന്നെ നിയമിക്കുകയും ചെയ്യുകയുണ്ടായി. ജനങ്ങളുടെ യാത്രാക്ലേശവും ഡിപ്പോയുടെ ശോച്യാവസ്ഥയും മാറ്റാതെ ഇത്തരത്തിൽ മുന്നോട്ടു പോകാനാണ് ശ്രമമെങ്കിൽ മാനേജ്മെന്റിനെതിരെ പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തുവരാൻ ആർ.ജെ.ഡി നിർബന്ധിതമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ വിഴിഞ്ഞം ജയകുമാർ,അഡ്വ.ജി.മുരളീധരൻ,വിഴിഞ്ഞം മേഖലാ പ്രസിഡന്റ് ടി.രാജേന്ദ്രൻ, അഡ്വ.കെ.ജയചന്ദ്രൻ,പുല്ലൂർക്കോണം ജയകുമാർ,റെജിജോയ്,ഞാറവിള സുഭാഷ്,കെ.പ്രഭാകരൻ, ബി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.