വിതുര: ആര്യനാട്-മലയടി-വിതുര റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നതായി പരാതി. ബസുകളുടെ അഭാവത്തിൽ വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. വിതുര, ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും നാമമാത്രമായ സർവീസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. മണിക്കൂറുകൾ ഇടവിട്ടാണ് ബസ് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
നിശ്ചിത സമയത്ത് ബസ് ലഭിക്കാത്തതുമൂലം യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലകപ്പെട്ട് നട്ടംതിരുന്ന അവസ്ഥയാണ്.
സർവീസുകൾ പുനരാരംഭിച്ചിട്ടില്ല
കൊവിഡിന്റെ മറവിൽ നിറുത്തലാക്കിയ സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. നേരത്തേ വിതുര, ആര്യനാട്, കാട്ടാക്കട, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നും യാത്രക്കാർക്ക് ഉപകാരപ്രദമായി മികച്ച കളക്ഷനുമായി അനവധി ബസുകൾ ആര്യനാട് വിതുര റൂട്ടിൽ സർവീസ് നടത്തിയിരുന്നു. കാലക്രമേണ ബസുകൾ മുന്നറിയിപ്പില്ലാതെ നിറുത്തലാക്കി.
പരാതി നൽകിയിട്ടും ഫലമില്ല
യാത്രാക്ലേശം ചൂണ്ടിക്കാട്ടി അനവധി തവണ നാട്ടുകാർ കെ.എസ്.ആർ.ടി.സി മേധാവികൾക്ക് പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. സമരപരമ്പരകളും അരങ്ങേറിയിരുന്നു. മലയോരമേഖലയിലെ യാത്രാപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആര്യനാട് ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ അനവധി സർവീസുകൾ ആരംഭിക്കുമെന്ന് ഉദ്ഘാടനവേളയിൽ മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം കടലാസിലുറങ്ങുകയാണ്.
വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ
മലയടി, തച്ചൻകോട്, വിനോബാനികേതൻ, പറണ്ടോട്, വലിയകലുങ്ക്, ചേരപ്പള്ളി മേഖലയിലുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ആര്യനാട്, വിതുര, തൊളിക്കോട് സ്കൂളുകളിൽ പഠിക്കാനെത്തുന്നുണ്ട്. ബസ് സർവീസുകളുടെ അഭാവത്തിൽ വിദ്യാർത്ഥികൾക്ക് നിശ്ചിതസമയത്ത് സ്കൂളുകളിലെത്താനും മടങ്ങിപ്പോകാനും കഴിയുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
യാത്രാക്ലേശം ഇരട്ടിച്ചു
സ്കൂൾ തുറന്നതോടെ യാത്രാക്ലേശം ഇരട്ടിച്ചു. കൺസെഷനെടുത്ത വിദ്യാർത്ഥികൾ വരെ സമാന്തരസർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. രാവിലെയും വൈകിട്ടുമാണ് വേണ്ടത്ര ബസ് സർവീസ് ഇല്ലാത്തത്.
കൂടുതൽ ബസ് സർവീസുകൾ അയക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ആര്യനാട്, വിതുര ഡിപ്പോകളിൽ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഡിപ്പോകൾ ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥികൾ.