
കുളത്തൂർ: ചേറ് കലക്കിയതുപോലെയുള്ള ചെളി, ചിലയിടങ്ങളിൽ ചവിട്ടിയാൽ താന്നുപോകും...ഇതാണ് കഴിഞ്ഞ ആറ് വർഷമായി മഴ പെയ്താൽ പൗണ്ട്കടവ്,കരിമണൽ ഭാഗത്തേക്കുള്ള റോഡുകളുടെ അവസ്ഥ. കഴക്കൂട്ടം - മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാനും മാൻഹോൾ നിർമ്മാണത്തിനും വേണ്ടിയാണ് വർഷങ്ങൾക്കു മുൻപ് റോഡുകൾ കുത്തിപ്പൊളിച്ചത്. പാചകവാതക പൈപ്പിടൽ പണികൾ കൂടി വന്നതോടെ പൗണ്ടുകടവ് ഭാഗത്തേക്ക് പോകുന്ന റോഡുകളായ കുളത്തൂർ - കോരാളംകുഴി റോഡ്,തമ്പുരാൻമുക്ക് - മഠത്തുനട റോഡ്,കുഴിവിള - കരിമണൽ റോഡ് എന്നിവയുടെ അവസ്ഥ ശോചനീയമായി.
കാൽനടയാത്ര പോലും അസാദ്ധ്യമാക്കിയാണ് നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചതുപ്പും വഴുക്കലും നിറഞ്ഞ റോഡിലൂടെ സർക്കസിലെ ട്രപ്പിസ് കളിക്കാരെ പോലെ സാഹസികമായാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മയും കുഞ്ഞുങ്ങളും സഞ്ചരിച്ച കാർ ഈ ചെളിക്കുണ്ടിൽ പുതഞ്ഞുകിടന്നത് വാർത്തയായിരുന്നു.
സ്വീവേജ് ലൈൻ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് അനന്തമായി നീളുന്നത്.പദ്ധതിയുടെ ആരംഭഘട്ടം മുതലേ മന്ദഗതിയിലായിരുന്നു നിർമ്മാണം. കരിമണലിൽ നിർമ്മാണത്തിലിരുന്ന സ്വീവേജ് പമ്പിംഗ് സ്‌റ്റേഷന്റെ പ്രധാന സംഭരണിയിൽ വിള്ളലുണ്ടായതും പ്രവൃത്തികൾ അനന്തമായി നീളാൻ കാരണമായി. ഇപ്പോൾ വൻ കുഴികളും പാറക്കഷണങ്ങളും നിറഞ്ഞ് ചതുപ്പ് നിലമായി റോഡുകൾ മാറി.
മഠത്തുനട -പൗണ്ടുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിരവധി തവണ പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു