
കേരളത്തിൽ ഏറ്റവും കൂടുതൽ പേർ എഴുതുന്ന പി.എസ്.സിയുടെ ഏറ്റവും പ്രധാന പരീക്ഷകളിലൊന്നാണ് എൽ.ഡി ക്ളാർക്ക് പരീക്ഷ. ഇതുമായി ബന്ധപ്പെട്ട ഏതൊരു വിവാദവും പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ ആശങ്കയിലാഴ്‌ത്തുന്നതാണ്. അതിനാൽ ഈ പരീക്ഷയുമായി ബന്ധപ്പെട്ട് എന്തു സംശയം ഉയർന്നാലും അത് വ്യക്തമായി ദുരീകരിക്കേണ്ടത് പി.എസ്.സിയുടെ ഉത്തരവാദിത്വമാണ്. പി.എസ്.സി നടത്തിയ എറണാകുളം, വയനാട് ജില്ലകളിലേക്കുള്ള എൽ.ഡി ക്ളാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പി.എസ്.സി വെബ്സൈറ്റിൽ തലേദിവസം പ്രത്യക്ഷപ്പെട്ടതായാണ് ഞായറാഴ്ച വാർത്ത വന്നത്. കോട്ടയം, കോഴിക്കോട് ജില്ലകളിലേക്ക് സെപ്തംബർ 28ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറും തലേന്നുതന്നെ വെബ്‌സൈറ്റിൽ വന്നതായി കാണുന്നുവെന്നാണ് ഞങ്ങളുടെ ലേഖകൻ സുജിലാൽ കെ.എസ്. എഴുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്.
എറണാകുളം, വയനാട് ജില്ലകളിലേക്ക് നടത്തിയ പരീക്ഷയിലെ 100 ചോദ്യങ്ങൾ അടങ്ങിയ പേപ്പർ, 133/ 2024 എന്ന നമ്പരിലാണ് സൈറ്റിലുള്ളത്. അപ്‌ലോഡ് ചെയ്തത് ഒരു ദിവസം മുമ്പാണ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതായത് പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പർ പുറത്തായി എന്നല്ലേ സാമാന്യ വിവരമുള്ളവർ കരുതേണ്ടത്. ഇതേ ചോദ്യപേപ്പർ തന്നെയാണ് പിറ്റേദിവസം നടന്ന പരീക്ഷയ്ക്ക് നൽകിയത്. ഗൂഗിളിന് ഡേറ്റ് തെറ്റിയതാണ് എന്ന വിശദീകരണമാണ് പി.എസ്.സി അധികൃതർ നൽകുന്നത്. ഒരു തവണ ഡേറ്റ് തെറ്റിയതാണെന്ന് സമ്മതിച്ചാൽപ്പോലും സമാനമായ തെറ്റ് കോട്ടയം, കോഴിക്കോട് പരീക്ഷകളിലും നടന്നിരിക്കുന്നതിന് എന്ത് വിശദീകരണമാണ് ഇവർക്ക് നൽകാനാവുക? പി.എസ്.സിയുടെ സാങ്കേതിക വിഭാഗത്തിന് തെറ്റു സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് സാങ്കേതിക വിദഗ്ദ്ധർ വിശദമായ അന്വേഷണം നടത്തേണ്ടതാണ്.
ഈയൊരു സംശയം ദുരീകരിക്കാതെ മുന്നോട്ടു പോകുന്നത് ഒട്ടും ആശാസ്യമല്ല. പരീക്ഷയുടെ തലേന്ന് പ്രസിദ്ധീകരിച്ചതായി കാണുന്ന ചോദ്യപേപ്പർ എത്രപേർ സൈറ്റിൽ കയറി നോക്കിയെന്ന് കണ്ടുപിടിക്കാവുന്നതേയുള്ളൂ. ഇവർ ശരിക്കും തലേന്നു തന്നെയാണ് ചോദ്യപേപ്പർ കണ്ടതെങ്കിൽ ചോദ്യങ്ങൾ ചോർന്നതായിത്തന്നെ കണക്കാക്കേണ്ടതല്ലേ? ഗൂഗിളിനെ മാത്രം പഴിചാരി പി.എസ്.സിക്ക് ഇതിൽ നിന്ന് തലയൂരാനാകില്ല. ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഇനിയും വിശദീകരണങ്ങളൊന്നും ഉണ്ടാകാത്തതും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു. ഗൂഗിൾ സെർച്ചിൽ ടൈം സ്റ്റാമ്പിൽ മുമ്പും തെറ്റുണ്ടായിട്ടുണ്ടെന്നാണ് പി.എസ്.സി പറയുന്നത്. അങ്ങനെയാണെങ്കിൽ അക്കാര്യം മുൻകൂട്ടി പി.എസ്.സി ഉദ്യോഗാർത്ഥികളെ അറിയിക്കേണ്ടതല്ലേ? ചോദ്യപേപ്പറും ഉത്തരസൂചികയും ഒരേ ദിവസമാണ് അപ്‌ലോഡ് ചെയ്തതെന്നാണ് പി.എസ്.സി പറയുന്നത്. അപ്പോൾ ചോദ്യപേപ്പർ മാത്രം തലേദിവസത്തെ തീയതിയിൽ വന്നു എന്നതിന് ആരും മറുപടി പറയുന്നില്ല!
വർഷങ്ങൾ കാത്തിരുന്ന് പണം ചെലവാക്കി കോച്ചിംഗിനും മറ്റും പോയിട്ടാണ് പലരും ഈ പരീക്ഷ എഴുതുന്നത്. അവരുടെ മനസിൽ സംശയങ്ങൾ അവശേഷിക്കാൻ ഇടയാക്കുന്നത് ഗുരുതരമായ തെറ്റാണ്. അപ്‌ലോഡ് ചെയ്തവർക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം പുറത്തുവരേണ്ടതാണ്. പി.എസ്.സിക്ക് പിഴവു പറ്റുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. എസ്.ഐ, സി.പി.ഒ ടെസ്റ്റിൽ കായികക്ഷമതാ പരീക്ഷയിൽ തോറ്റവരെക്കൂടി പി.എസ്.സി ആദ്യം ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. വാർത്തകളിലൂടെ വിവാദമായപ്പോഴാണ് അത് തിരുത്തിയത്. ചോദ്യങ്ങളിൽ തെറ്റു വരുന്നത് നിരന്തരം ആവർത്തിക്കുകയും ചെയ്യുന്നു. ഒരു പി.എസ്.സി മെമ്പർക്ക് രണ്ടരലക്ഷത്തോളം രൂപയാണ് സർക്കാർ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കായി പ്രതിമാസം നൽകുന്നത്. 20 പേർ ഇപ്പോൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ഇവരൊക്കെ എന്താണവിടെ ചെയ്യുന്നതെന്ന് ജനങ്ങൾ ചോദിക്കാൻ ഇടയാകരുത്. അതിനാൽ എൽ.ഡി ക്ളാർക്ക് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും അന്വേഷണത്തിനു ശേഷം വ്യക്തമായി ദുരീകരിക്കാൻ പി.എസ്.സി തയ്യാറാകണം.